മംഗളൂരു സർവകലാശാല അക്കാദമിക് കൗൺസിൽ: വിദ്യാർഥികളുടെ കുറവ്; 22 സ്വകാര്യ കോളജുകൾ പൂട്ടും
text_fieldsമംഗളൂരു സർവകലാശാല അക്കാദമിക് കൗൺസിൽ യോഗം
മംഗളൂരു: വിദ്യാർഥികളുടെ എണ്ണം കുറവായതിനാൽ മംഗളൂരു സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത 22 സ്വകാര്യ കോളജുകൾ പൂട്ടും. വൈസ് ചാൻസലർ പ്രഫ. പി.എൽ. ധർമയുടെ അധ്യക്ഷതയിൽ ചേർന്ന അക്കാദമിക് കൗൺസിൽ യോഗത്തിലാണ് തീരുമാനം.
ഈ കോളജുകൾ അടുത്ത അധ്യയനവർഷം മുതൽ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നത് നിർത്തും. എന്നാൽ, നിലവിലെ വിദ്യാർഥികൾക്ക് അവരുടെ കോഴ്സുകൾ തടസ്സമില്ലാതെ പൂർത്തിയാക്കാം.
അറബി ഭാഷ പഠനകേന്ദ്രത്തിന് അനുമതി
അറബി ഭാഷാ ഗവേഷണത്തിനും പഠനത്തിനുമായി അറബിക് പഠന കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ഗവർണറുടെ അംഗീകാരം സർവകലാശാലക്ക് ലഭിച്ചു. ദക്ഷിണ കന്നട, കുടക് ജില്ലകളിലെ പ്രാദേശിക അറബി ഭാഷകൾ, പ്രാദേശിക സംസ്കാരം, സമൂഹങ്ങൾ എന്നിവയിൽ ഈ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വൈസ് ചാൻസലർ പറഞ്ഞു. ബി.എ ഇക്കണോമിക്സ് പ്രോഗ്രാമിന്റെ നാലാം സെമസ്റ്ററിനായി അക്കാദമിക് കൗൺസിൽ നൈപുണ്യ അധിഷ്ഠിത കോഴ്സുകൾക്ക് അംഗീകാരം നൽകി. ബി.എ ജേണലിസം പ്രോഗ്രാമിന്റെ മൂന്നാമത്തെയും നാലാമത്തെയും സെമസ്റ്ററുകൾക്ക് ഇലക്റ്റിവ് കോഴ്സുകൾക്ക് അംഗീകാരം നൽകി.
പുതിയ ഡോക്ടറൽ പ്രോഗ്രാമുകൾ ആരംഭിക്കുന്നതിനായി എല്ലാ ഡീനുകളും തയാറാക്കിയ പുതുക്കിയ പിഎച്ച്.ഡി പ്രോഗ്രാം മാർഗനിർദേശത്തിന് അംഗീകാരം നൽകി.എല്ലാ ആർട്സ്, സയൻസ്, ടെക്നോളജി, കോമേഴ്സ്, വിദ്യാഭ്യാസ വകുപ്പുകളിലും യു.ജി.സി നിർദേശിച്ചിട്ടുള്ള നാഷനൽ ഹയർ എജുക്കേഷൻ ക്വാളിഫിക്കേഷൻസ് ഫ്രെയിംവർക്ക് (എൻ.എച്ച്.ഇ.ക്യു.എഫ്) നടപ്പാക്കാൻ കൗൺസിൽ തീരുമാനിച്ചു.
ഈ ചട്ടക്കൂടിന് കീഴിൽ, ബാച്ചിലേഴ്സ് പ്രോഗ്രാമുകൾക്ക് 120 ക്രെഡിറ്റുകളും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമകൾക്ക് 40 ക്രെഡിറ്റുകളും എം.എ, എം.കോം, എം.എസ്സി, മറ്റ് ബിരുദാനന്തര കോഴ്സുകൾക്ക് 80 ക്രെഡിറ്റുകളും ഉണ്ടാവും. വിസ കാലാവധി കഴിഞ്ഞാലും ഐ.സി.സി.ആർ സ്കോളർഷിപ്പുകളിൽ ഉൾപ്പെടുന്ന പിഎച്ച്.ഡി പ്രോഗ്രാമുകളിൽ ചേരുന്ന വിദേശ വിദ്യാർഥികളെ നിരീക്ഷിക്കാൻ വകുപ്പുകൾക്ക് നിർദേശം നൽകി. ഈ വർഷവും 'നാക്' അക്രഡിറ്റേഷൻ തേടും. വകുപ്പ് മേധാവികൾക്ക് പുതുക്കിയ മാർഗനിർദേശങ്ങൾ നൽകുന്നതിനായി നാക് ഡയറക്ടർ ഡോ. കണ്ണൻ സർവകലാശാല സന്ദർശിക്കുമെന്ന് പ്രഫ. ധർമ പറഞ്ഞു.
പൂട്ടുന്ന കോളജുകൾ
- എ.ബി.എ വിമൻസ് ഫസ്റ്റ് ഗ്രേഡ് കോളജ് സൂറത്കൽ
- അഞ്ജുമാൻ ഫസ്റ്റ് ഗ്രേഡ് കോളജ് മംഗളൂരു
- അമൃത് കോളജ് പടിൽ
- സിലിക്കൺ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കൊഞ്ചാടി
- മോഗ്ലിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജർമൻ ലാംഗ്വേജ് ബൽമട്ട
- സാർസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് മംഗളൂരു
- റൊസാരിയോ കോളജ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ബോലാർ
- കരാവലി കോളജ് ഓഫ് എജുക്കേഷൻ
- പ്രേംകാന്തി കോളജ് ഓഫ് എജുക്കേഷൻ
- സാപ്പിയന്റ് ബഥനി ഫസ്റ്റ് ഗ്രേഡ് കോളജ് നെല്യാടി
- ശാരദ വിമൻസ് കോളജ് സുള്ള്യ
- രാംകുഞ്ചേശ്വർ കോളജ്
- ഹസ്രത്ത് സയ്യദ് മദനി വിമൻസ് കോളജ് ഉള്ളാൾ
- സെന്റ് സെബാസ്റ്റ്യൻ കോളജ് ഓഫ് കോമേഴ്സ്
- ബെൽത്തങ്ങാടി സെന്റ് തോമസ് കോളജ്
- മാർ ഇവാനിയോസ് കോളജ് കടബ
- മാധവ പൈ കോളജ് മണിപ്പാൽ
- മൂകാംബിക ഫസ്റ്റ് ഗ്രേഡ് കോളജ് ബൈന്ദൂർ
- വാരസിദ്ധി വിനായക ഫസ്റ്റ് ഗ്രേഡ് കോളജ് കുന്താപുരം
- ബി.ഡി. ഷെട്ടി കോളജ് ഓഫ് ബിസിനസ് മാനേജ്മെന്റ് ഈറോഡ് ഉഡുപ്പി
- വിദ്യാനികേതൻ ഫസ്റ്റ് ഗ്രേഡ് കോളജ് കാപ്പു
- കൃഷ്ണഭായ് വാസുദേവ് ഷേണായി മെമ്മോറിയൽ കോളജ് കാട്പാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

