മംഗളൂരു സംഘർഷത്തിന് കാരണം ബി.ജെ.പിയുടെ പ്രകോപനമെന്ന് പൊലീസ്
text_fieldsമംഗളൂരു: മൂന്നാം നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതിൽ ആഹ്ലാദം പ്രകടിപ്പിച്ച് നടത്തിയ റാലിയുടെ ഭാഗമായി ബി.ജെ.പി പ്രവർത്തകർ പ്രത്യേക സമുദായത്തെ പാകിസ്താനികൾ എന്ന് ആക്ഷേപിച്ചതായി മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ ചൊവ്വാഴ്ച വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ആഹ്ലാദപ്രകടനക്കാർ ബോളാർ മസ്ജിദ് പരിസരത്തുനിന്ന് രണ്ട് കിലോമീറ്റർ അകലെ ഓട്ടോറിക്ഷ സ്റ്റാൻഡിൽ എത്തിയപ്പോഴാണ് പ്രകോപന മുദ്രാവാക്യം മുഴക്കിയത്. ഭാരത് മാതാ കീ ജയ്, നരേന്ദ്ര മോദിജീ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയതിനോടൊന്നും ആരും പ്രതികരിച്ചിരുന്നില്ല. എന്നാൽ, പാകിസ്താനികൾ എന്ന് ആക്ഷേപിച്ച് മുദ്രാവാക്യം മുഴങ്ങിയപ്പോഴാണ് അക്രമം നടന്നതെന്ന് കമീഷണർ പറഞ്ഞു. മസ്ജിദിന് മുന്നിൽ പ്രകോപന മുദ്രാവാക്യം മുഴക്കി എന്ന പള്ളി കമ്മിറ്റി പ്രസിഡന്റിന്റെ പരാതിയിൽ കേസെടുത്തിട്ടുണ്ട്.
ബി.ജെ.പി പ്രവർത്തകരെ അക്രമിച്ച സംഭവത്തിൽ ഇതിനകം ആറുപേരെ അറസ്റ്റ് ചെയ്തതായി കമീഷണർ അറിയിച്ചു.പ്രദേശവാസികളായ മുഹമ്മദ് ശാകിർ (28), അബ്ദുറസാഖ് (40), അബൂബക്കർ സിദ്ദീഖ് (35), സവാദ്(18), മോനു എന്ന ഹഫീസ് (24) എന്നിവരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. അബൂബക്കറിനെ (35) തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ആഹ്ലാദപ്രകടനക്കാർ ബോളിയാർ ജുമാമസ്ജിദ് കവാടത്തിന് മുന്നിൽ ഞായറാഴ്ച രാത്രി കൂടിനിന്ന് ഡി.ജെ പാട്ടും നൃത്തവും നടത്തിയിരുന്നു. ആരാധനാലയത്തിനുമുന്നിൽ ഡി.ജെ ഒഴിവാക്കണമെന്ന് ഏതാനും യുവാക്കൾ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയിരുന്നില്ല.
ആഹ്ലാദപ്രകടനം കഴിഞ്ഞ് രാത്രി വൈകി തിരിച്ചുപോവുകയായിരുന്ന ബി.ജെ.പി പ്രവർത്തകരായ കെ. ഹരീഷ് (35), എ. നന്ദകുമാർ (24) എന്നിവർക്ക് കുത്തേറ്റു. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ രാത്രി കൊണാജെ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. ബോളിയാറിൽ അക്രമത്തിൽ പരിക്കേറ്റ് ദേർളക്കട്ട ആശുപത്രിയിൽ കഴിയുന്നവരെ ബി.ജെ.പി നേതാക്കൾ ചൊവ്വാഴ്ച സന്ദർശിച്ചു. നിയുക്ത ദക്ഷിണ കന്നട എം.പി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട, ജില്ലയിലെ ബി.ജെ.പി എം.എൽ.എമാർ എന്നിവരാണ് സന്ദർശിച്ചത്. മംഗളൂരുവിൽ ഉണ്ടായിരുന്ന ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവു, മണ്ഡലം എം.എൽ.എയായ നിയമസഭ സ്പീക്കർ യു.ടി. ഖാദർ എന്നിവർ പരിക്കേറ്റവരെ സന്ദർശിക്കാത്തത് ശരിയായില്ലെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് സതീഷ് കുമ്പള ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

