ഉച്ചഭക്ഷണ ജീവനക്കാർക്ക് നിർബന്ധിത ആരോഗ്യ പരിശോധന
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: സ്കൂളുകളിൽനിന്ന് ഉച്ചഭക്ഷണം കഴിച്ച നിരവധി വിദ്യാർഥികൾ രോഗ ബാധിതരാകുന്ന പശ്ചാത്തലത്തിൽ ഉച്ച ഭക്ഷണ വിതരണ ജീവനക്കാർക്ക് നിർബന്ധിത ആരോഗ്യ പരിശോധന ഏർപ്പെടുത്തി സ്കൂൾ വിദ്യാഭ്യാസ വകുപ്പ്. പുതിയ നിർദേശ പ്രകാരം പാചകക്കാരും അടുക്കള സഹായികളും ആറു മാസത്തിലൊരിക്കൽ സർക്കാർ ഡോക്ടർമാരുടെ പക്കൽനിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്കൂൾ പ്രിൻസിപ്പലിന് സമർപ്പിക്കണം.
സംസ്ഥാനത്തുടനീളം എല്ലാ സ്കൂളുകളും കർശനമായി പാലിക്കേണ്ട 87 ശുചിത്വ നിർദേശങ്ങൾ അടങ്ങിയ പ്രോട്ടോക്കോളും വകുപ്പ് പുറത്തിറക്കി. കുടിവെള്ള സംഭരണ ടാങ്കുകൾ ആഴ്ചതോറും വൃത്തിയാക്കുക, ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാൻ പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാതിരിക്കുക, അയോഡിൻ ചേർത്ത ഉപ്പ് നിർബന്ധമായും ഉപയോഗിക്കുക, ഭക്ഷണം പാകം ചെയ്യുമ്പോൾ ഏപ്രൻ, കൈയ്യുറ എന്നിവ ഉപയോഗിക്കുക, പച്ചക്കറികൾ മഞ്ഞളും ഉപ്പും ചേർത്ത് കഴുകുക, അടുക്കളയിൽ പുകയില, വെറ്റില എന്നിവ ഒഴിവാക്കുക എന്നിവയാണ് ചില നിർദേശങ്ങൾ.
അതേസമയം സ്കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ല എന്ന് ഉച്ച ഭക്ഷണ ജീവനക്കാർ വാദിച്ചു. പുതിയ സർക്കുലർ പിൻവലിക്കണമെന്നാവശ്യപ്പെട്ട ജീവനക്കാർ ഫ്രീഡം പാർക്കിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാനൊരുങ്ങുകയാണ്. കുട്ടികളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയും ആരോഗ്യം സംരക്ഷിക്കുകയുമാണ് ലക്ഷ്യമെന്ന് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് കമീഷണർ വികാസ് കിഷോർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

