മോദിയുടെ വീട്ടിൽ ബോംബ് വെക്കണമെന്ന് പറഞ്ഞയാൾ അറസ്റ്റിൽ
text_fieldsബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ബോംബ് വെക്കണമെന്ന് പറഞ്ഞയാളെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു.പബ്ലിക് സർവന്റ് എന്നസമൂഹ മാധ്യമം പേജിൽ വീഡിയോ പോസ്റ്റ് ചെയ്ത നവാസാണ് (36) അറസ്റ്റിലായത് .
പ്രധാനമന്ത്രിക്കെതിരെ ആക്ഷേപകരമായ പ്രസ്താവനയോടെ അപ്‌ലോഡ്ചെയ്ത വീഡിയോ വൈറലായിരുന്നു."ഇന്ന് ഇന്ത്യയും പാകിസ്താനും യുദ്ധത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ എന്തുകൊണ്ട് ഇതുവരെ ബോംബാക്രമണം നടത്തിയില്ല? ജനങ്ങൾ സമാധാനപരമായി ജീവിച്ചിരുന്നപ്പോൾ യുദ്ധസമാനമായ ഈ സാഹചര്യം പ്രധാനമന്ത്രി മോദി സൃഷ്ടിച്ചു. ആദ്യം അദ്ദേഹത്തിന്റെ വസതി ബോംബിട്ട് തകർക്കണം."-ഇതായിരുന്നു വീഡിയോ സന്ദേശം.സംഭവം ശ്രദ്ധയിൽപ്പെട്ട ബന്ദേപാളയ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നവാസിനെ കണ്ടെത്തി. യുവാവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് ബംഗളൂരു സെൻട്രൽ ജയിലിലയച്ചു.
നേരത്തെ ജമ്മു കശ്മീരിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യൻ സായുധ സേന ആരംഭിച്ച 'ഓപ്പറേഷൻ സിന്ദൂരിനെ' എതിർക്കുന്ന സന്ദേശം പോസ്റ്റ് ചെയ്തതിന് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.
ഇതുസംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മംഗളൂരു നഗരത്തിലെ കൊണാജെ പോലീസ് എഫ്‌ഐആർ ഫയൽ ചെയ്തു.ദക്ഷിണ കന്നഡ ജില്ലയിൽ നിന്നുള്ള വിദ്യാർഥി 'ഓപ്പറേഷൻ സിന്ദൂരിനെ' വിമർശിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ ഇന്ത്യൻ സായുധ സേന പാകിസ്താനിൽ നടത്തിയ ആക്രമണങ്ങളെ എതിർത്തുവെന്ന് പൊലീസ് പറഞ്ഞു.
മംഗളൂരുവിനടുത്ത ബെൽത്തങ്ങാടി ബെലാലു നിവാസിയും മംഗളൂരു സർവകലാശാലയിലെ വിദ്യാർഥിനിയുമായ രേഷ്മ എൻ. ബാരിഗയാണ് ആക്ഷേപകരമായ പോസ്റ്റ് ഇട്ടത്."യുദ്ധത്തിന്റെ നിരർത്ഥകതയെക്കുറിച്ച് കാവ്യാത്മകമായ വരികൾ എഴുതിയതിന് ശേഷം അവർ ഓപ്പറേഷൻ സിന്ദൂരം ഉപേക്ഷിക്കുക എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ചു. കന്നഡയിൽ എഴുതിയ അവരുടെ കവിതയിൽ യുദ്ധത്തിന്റെ ഫലം 'പൂർണ്ണ അന്ധകാര'മാണെന്ന് വിശേഷിപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു.
ഈ പോസ്റ്റ് വിവാദമായതോടെ രേഷ്മ അത് ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്നാൽ 'ഓപ്പറേഷൻ സിന്ദൂരിനെ എതിർക്കുന്ന തന്റെ മുൻ നിലപാടിനെ ന്യായീകരിച്ച് രേഷ്മ പിന്നീട് മറ്റൊരു പോസ്റ്റ് ഇട്ടു.പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 192 (കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ മനഃപൂർവ്വം പ്രകോപനം സൃഷ്ടിക്കൽ), 196 (മതം, വംശം, ജനനസ്ഥലം, താമസസ്ഥലം അല്ലെങ്കിൽ ഭാഷ തുടങ്ങിയ കാരണങ്ങളാൽ വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ, ഐക്യം നിലനിർത്തുന്നതിന് മുൻവിധിയോടെയുള്ള പ്രവൃത്തികൾ), 353(1)(ബി), 353(2) (പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പ്രസ്താവനകൾ) എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

