യുവാവ് കുത്തേറ്റു മരിച്ചു; ഭാര്യ കസ്റ്റഡിയിൽ
text_fieldsബംഗളൂരു: ഹുളിമാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവാവ് കുത്തേറ്റു മരിച്ചു. 27 കാരനായ ഉമേഷ് ധാമിയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ ഭാര്യ മനീഷ ധാമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നഗരത്തിലെ സ്വകാര്യ കോളജിൽ ഹൗസ് കീപ്പിങ് തൊഴിലാളികളാണ് ഉമേഷും മനീഷയും. ബുധനാഴ്ച രാത്രി കൂട്ടുകാരുമൊത്ത് മദ്യപിച്ചശേഷം ഉമേഷ് വീട്ടിലെത്തി. ഈ സമയം ഭാര്യ ഫോണിൽ സംസാരിക്കുന്നത് കണ്ടതോടെ ഇതു സംബന്ധിച്ച് വഴക്കിട്ടു.
മനീഷക്ക് വേറൊരാളുമായി ബന്ധമുണ്ടെന്ന് ഉമേഷ് ആരോപണമുന്നയിച്ചതോടെ അരിശം പൂണ്ട മനീഷ അടുക്കളയിൽനിന്ന് കത്തിയെടുത്ത് ഭർത്താവിനെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി.

