മനുഷ്യ- മൃഗ സംഘർഷം;മാർഗനിർദേശവുമായി വനംവകുപ്പ്
text_fieldsബംഗളൂരു: കാടിന്റെ അതിർത്തി ഗ്രാമങ്ങളിൽ കാട്ടാന ശല്യവും ആക്രമണവും രൂക്ഷമാകുന്ന സാഹചര്യത്തിൽ കാട്ടാനകൾ നാടിറങ്ങുന്നത് ഫലപ്രദമായി തടയാൻ ജീവനക്കാർക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കർണാടക വനംവകുപ്പ്. വിവിധ സാഹചര്യങ്ങളിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ സംബന്ധിച്ചാണ് ഉത്തരവ്.
വന്യമൃഗശല്യം തടയാൻ ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കവെ, വനസംരക്ഷണ നിയമത്തിലെ 11ാം വകുപ്പിലെ അധികാരങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് കർണാടക ഹൈകോടതി ചോദ്യങ്ങൾ ഉയർത്തിയതിനെ തുടർന്നാണ് മാർഗനിർദേശം പുറപ്പെടുവിച്ചത്.
മനുഷ്യജീവന് അപകടകരമാവുന്ന ജീവികളെ വേട്ടയാടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അനുമതി നൽകുന്നതാണ് വനസംരക്ഷണ നിയമത്തിലെ 11ാം വകുപ്പ്. ഹാസന ജില്ലയിൽ കാട്ടാന ശല്യം രൂക്ഷമാണെന്നും നാടിറങ്ങുന്ന കാട്ടാനകളെ തടയാൻ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നുമായിരുന്നു ഹരജി.
വന്യമൃഗങ്ങളുടെ ആവാസസ്ഥലത്തേക്കുള്ള കടന്നുകയറ്റം, കാടിനകത്ത് തീറ്റയും വെള്ളവും കുറയുന്ന സാഹചര്യം, കൃഷി വിളകൾ ആകർഷിക്കുന്നത്, കാടിനരികിലെ മനുഷ്യവാസം തുടങ്ങിയ കാരണങ്ങളാണ് വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്നതെന്നും കാടിറങ്ങുന്ന ആനകളുടെയും മനുഷ്യരുടെയും സുരക്ഷ ഒരുപോലെ കരുതേണ്ടതുണ്ടെന്നും വനംവകുപ്പ് മാർഗനിർദേശത്തിൽ ചൂണ്ടിക്കാട്ടി.
വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് കുറക്കാൻ പടിപടിയായി നടപടികൾ സ്വീകരിക്കണം. കാട്ടാനകൾ നാട്ടിലിറങ്ങിയാൽ അവയെ സുരക്ഷിതമായി രക്ഷപ്പെടുത്താനും മറ്റൊരിടത്തേക്ക് മാറ്റാനും ആവശ്യമായ നിർദേശങ്ങൾ പുതിയ മാർഗരേഖയിലുണ്ട്. അതോടൊപ്പം, കാട്ടാന മരണം റിപ്പോർട്ട് ചെയ്താൽ വേഗത്തിൽ നടപടിക്രമങ്ങൾ പാലിച്ച് തുടർനടപടി കൈക്കൊള്ളണമെന്നും നിർദേശിക്കുന്നുണ്ട്.
റിപ്പോർട്ട് ചെയ്യപ്പെടുന്ന സംഘർഷങ്ങളിൽ മൂന്നിൽ രണ്ടും കാട്ടാനകളുമായി ബന്ധപ്പെട്ടവയാണ്. വനംവകുപ്പിന്റെ കണക്കുപ്രകാരം, 2024-25ൽ മാത്രം 35,580 മനുഷ്യ- മൃഗ സംഘർഷ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 22,483 കേസുകളും കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ടാണ്.
mഇതിൽ മരണപ്പെട്ട കേസുകളും പരിക്കേറ്റ കേസുകളും വിളനാശവും വസ്തുനാശവുമടക്കമുണ്ട്. ആകെ കഴിഞ്ഞവർഷം വനംവകുപ്പ് നഷ്ടപരിഹാരമായി നൽകിയ 22 കോടിയിൽ 13.5 കോടിയും കാട്ടാന ആക്രമണത്തെ തുടർന്നുള്ളതാണ്. ഇതിനു പുറമെ, മൊത്തം 23 കോടിയുടെ നഷ്ട പരിഹാരം ആവശ്യപ്പെട്ടുള്ള 15,000 കേസുകൾ തീരുമാനമാകാതെ കിടക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

