മൽപെ കൂട്ടക്കൊല: ലക്ഷ്യമിട്ടത് ഐനാസിനെയെന്ന് മൊഴി
text_fieldsമൽപെ കൂട്ടക്കൊലക്കേസിൽ പിടിയിലായ
പ്രവീൺ അരുൺ ഛൗഗലെ പൊലീസ് കസ്റ്റഡിയിൽ
മംഗളൂരു: ഉഡുപ്പി ജില്ലയിൽ മൽപെ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗലെയെ (39) ബുധനാഴ്ച വൈകീട്ട് ഉഡുപ്പി ജില്ല കോടതിയിൽ ഹാജരാക്കി.
കോടതി പ്രതിയെ 14 ദിവസം പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്പൻകട്ടയിലെ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കൾ അഫ്നാൻ(23), ഐനാസ് (21), അസീം (12) എന്നിവരാണ് ഞായറാഴ്ച കൊല്ലപ്പെട്ടത്.അരുൺ ഛൗഗലെയെ ബുധനാഴ്ച ഉച്ചക്ക് ഉഡുപ്പി കോടതിയിൽ ഹാജരാക്കും എന്നായിരുന്നു അറിയിച്ചിരുന്നത്.
പുലർച്ച മുതൽ ജില്ല പൊലീസ് ഓഫിസിന് മുന്നിലും കോടതി പരിസരത്തും വൻ സുരക്ഷാ സന്നാഹങ്ങൾ ഏർപ്പെടുത്തിയിരുന്നു. രഹസ്യ സങ്കേതത്തിൽ ചോദ്യം ചെയ്ത പ്രതി കുറ്റം സമ്മതിച്ചു. ഏറെ വൈകിയാണ് കോടതിയിൽ ഹാജരാക്കിയത്. കൊല്ലപ്പെട്ടവരിൽ ഐനാസ് (21) എയർ ഇന്ത്യ വിമാനത്തിൽ എയർ ഹോസ്റ്റസ് ആയിരുന്നു. അതേ കമ്പനിയിൽ വിമാനം കാബിൻ ക്രൂ ജീവനക്കാരനാണ് പ്രതി. ഐനാസിനോടുള്ള പകവീട്ടാനാണ് കൊല നടത്തിയതെന്നും തടയാൻ ശ്രമിച്ചപ്പോൾ മറ്റുള്ളവരെയും അപായപ്പെടുത്തിയെന്നും പ്രതി പറഞ്ഞതായി ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഡോ.കെ.അരുൺ കുമാർ അറിയിച്ചു. പ്രതി വിവാഹിതനാണ്. പകക്ക് പിന്നിൽ കള്ളക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളാണോ എന്ന് ഇപ്പോൾ പറയാനാവില്ല. ഇയാൾ നേരത്തേ മഹാരാഷ്ട്ര പൊലീസ് സേനയിൽ ഉണ്ടായിരുന്നു. അക്കാലത്തെ വിവരങ്ങൾ ശേഖരിച്ച് വരുകയാണെന്നും എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

