മലയാളി യുവാവിന്റെ കൊല: രണ്ട് ബജ്റംഗ്ദൾ പ്രവർത്തകർക്ക് ജാമ്യം
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ കൊലപാതക പരമ്പരയിലേക്ക് നയിച്ച മസൂദ് വധക്കേസ് പ്രതികൾക്ക് കർണാടക ഹൈകോടതി ജാമ്യം അനുവദിച്ചു.
കേസിലെ പ്രധാന പ്രതികളും ബജ്റംഗ്ദൾ പ്രവർത്തകരുമായ അഭിലാഷ്, സുനിൽ എന്നിവർക്കാണ് ജസ്റ്റിസ് വിശ്വജിത് എസ്. ഷെട്ടിയുടെ സിംഗ്ൾ ബെഞ്ച് ജാമ്യം അനുവദിച്ചത്. സുള്ള്യ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബെള്ളാരിയിൽ ബന്ധുവീട്ടിൽ താമസിച്ച് ദിവസക്കൂലിക്ക് ജോലി ചെയ്ത് ജീവിക്കുകയായിരുന്ന കാസർകോട് മൊഗ്രാൽ പുത്തൂർ ആസാദ് നഗർ സ്വദേശി മസൂദ് (18) കഴിഞ്ഞ വർഷം ജൂലൈ 19നാണ് കൊല്ലപ്പെട്ടത്.
എട്ട് ബജ്റംഗ്ദൾ പ്രവർത്തകർ ചേർന്നാണ് ആക്രമണം നടത്തിയത്. ഇതിന്റെ പ്രതികാരമായാണ് ജൂലൈ 26ന് യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു ബെള്ളാരിയിൽ കൊല്ലപ്പെട്ടത്.
ഇതിന് പിന്നാലെ ജൂലൈ 28ന് മംഗളൂരു കാട്ടിപ്പള്ളയിലെ മുഹമ്മദ് ഫാസിലും ഡിസംബർ 24ന് അബ്ദുൽ ജലീലും വധിക്കപ്പെട്ടു.

