മലയാളി വിദ്യാർഥിയെ ആക്രമിച്ച് പണവും മൊബൈലും കവർന്നു
text_fieldsബുധനാഴ്ച പുലർച്ചെ അഞ്ചു മണിയോടെ കെ.ആർ. മാർക്കറ്റിലായിരുന്നു സംഭവം
ബംഗളൂരു: നഗരമധ്യത്തിൽ മലയാളി വിദ്യാർഥിയെ ആക്രമിച്ച് മൂന്നംഗസംഘം പണവും മൊബൈൽ ഫോണും കവർന്നു. ബുധനാഴ്ച പുലർച്ചെ അഞ്ചു മണിയോടെ കെ.ആർ. മാർക്കറ്റിലായിരുന്നു സംഭവം.
കണ്ണൂർ തലശ്ശേരി കൃഷ്ണാഞ്ജനയിൽ അർജുൻ (19) ആണ് ആക്രമണത്തിനിരയായത്. ജാലഹള്ളിയിലെ സെന്‍റ്പോൾസ് കോളജിൽ ബി.സി.എ രണ്ടാംവർഷം വിദ്യാർഥിയാണ്. നാട്ടിൽനിന്ന് സ്വകാര്യബസിൽ തിരിച്ചെത്തിയ അർജുൻ കെ.ആർ. മാർക്കറ്റിലാണ് ഇറങ്ങിയത്. പുലർച്ചെ ആയതിനാൽ അധികമാരും സ്ഥലത്തുണ്ടായിരുന്നില്ല. ബസിൽനിന്ന് ഇറങ്ങിയപ്പോൾ ഒരാൾ അവിടെ ഉണ്ടായിരുന്നു.
അർജുൻ നിന്ന കലാസിപാള്യ എൻ.ആർ റോഡിലേക്ക് ഇയാൾ എത്തി. ഉടൻ തന്നെ പിറകിലൂടെ മറ്റൊരാളും എത്തി. ഇവരുടെ കൈവശം കത്തിയുണ്ടായിരുന്നു. വേറൊരാളും അർജുനെ പിടിച്ചുവെച്ചു. കാൽ കൊണ്ട് അർജുൻ ചവിട്ടിയതോടെ ഒരാൾ തെറിച്ചുവീണു. തുടർന്ന് മറ്റുള്ളവരും ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പരിശോധിച്ചപ്പോഴാണ് പോക്കറ്റിലുണ്ടായിരുന്ന 5,000 രൂപയും റെഡ്മി ഫോണും നഷ്ടപ്പെട്ടതായി അറിയുന്നത്.
സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മറ്റുള്ളവർ തന്‍റെ രക്ഷക്ക് എത്തിയില്ലെന്നും അർജുൻ പറഞ്ഞു. പിന്നീട് പൊലീസുകാർ എത്തിയാണ് അർജുനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഫോൺ നഷ്ടപ്പെട്ടതിനാൽ ആരെയും ബന്ധപ്പെടാൻ കഴിഞ്ഞില്ല. സ്റ്റേഷനിൽനിന്ന് ബന്ധപ്പെട്ടതോടെ കെ.എം.സി.സി പ്രവർത്തകർ സ്ഥലത്തെത്തിയാണ് പരാതി നൽകുന്നതടക്കമുള്ള നടപടികൾ ചെയ്തത്. അർജുന്‍റെ സുഹൃത്ത് വയനാട് സ്വദേശിയായ റാഷിദും ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

