മുല്ലയനഗിരി വിനോദസഞ്ചാര കേന്ദ്രത്തിൽ മലയാളി പെൺകുട്ടിയെ കാണാതായി
text_fieldsനന്ദന
മംഗളൂരു: ചിക്കമഗളൂരു ജില്ലയിലെ പ്രശസ്തമായ മുല്ലയനഗിരി വിനോദസഞ്ചാര കേന്ദ്രത്തിൽ കേരളത്തിൽ നിന്നുള്ള 14കാരിയെ കാണാതായി. പാലക്കാട് സ്വദേശിനി നന്ദനയാണ് ചൊവ്വാഴ്ച വൈകീട്ട് മുതൽ രക്ഷിതാക്കളിൽ നിന്ന് കൂട്ടം തെറ്റിയത്. മാതാപിതാക്കൾക്കൊപ്പം 40 അംഗ വിനോദയാത്ര സംഘത്തിലായിരുന്നു കുട്ടി.
ചന്ദ്രദ്രോണ കുന്നിൻ പ്രദേശത്തെ മണിക്യധാര വെള്ളച്ചാട്ടത്തിനടുത്ത കുന്നിൽ നിന്നാണ് വൈകിട്ട് ആറോടെ കുട്ടി വേർപിരിഞ്ഞത്. തുടക്കത്തിൽ രക്ഷിതാക്കളും സംഘാംഗങ്ങളും കുട്ടി സമീപത്തുണ്ടെന്ന് കരുതി. ഏറെ സമയം കഴിഞ്ഞാണ് കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞത്. ചൊവ്വാഴ്ച രാത്രി എട്ട് വരെ പ്രദേശവാസികളും മറ്റ് വിനോദസഞ്ചാരികളും തെരച്ചിൽ നടത്തി. മൂടൽമഞ്ഞും ഇരുട്ടും കുത്തനെയുള്ള ചരിവുകളും ഇടതൂർന്ന പുൽമേടുകളും നിറഞ്ഞ വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതി തെരച്ചിലിനെ സാരമായി ബാധിച്ചു.
രാത്രിയോടെ പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരും തെരച്ചിലിനെത്തി. ബുധനാഴ്ച പുലർച്ചെ നാലര വരെ കുന്നുകളിൽ സ്കാൻ ചെയ്യാൻ തെർമൽ ഡ്രോണുകൾ ഉപയോഗിച്ചെങ്കിലും ഒരു തുമ്പും കണ്ടെത്തിയില്ലെന്ന് ചിക്കമഗളൂരു ജില്ല പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ ദയാമ പറഞ്ഞു. ബുധനാഴ്ച രാവിലെ ദുരന്തനിവാരണ സംഘത്തിന്റെ സഹായത്തോടെ തിരച്ചിൽ പുനരാരംഭിച്ചു. പെൺകുട്ടിയെ കണ്ടെത്താൻ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും എസ്.പി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

