മൈസൂരുവിൽ മലയാളി ബിസിനസുകാരന്റെ കാർ ആക്രമിച്ച് കൊള്ളയടിച്ചു
text_fieldsമൈസൂരു ജയപുര ഹരോഹള്ളിയിൽ മലയാളി വ്യവസായിയെ മുഖംമൂടി സംഘം കാർ തടഞ്ഞ് ആക്രമിക്കുന്ന ദൃശ്യം
ബംഗളൂരു: മൈസൂരു നഗരപ്രാന്തത്തിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം മലയാളി ബിസിനസുകാരനെ പട്ടാപ്പകൽ നടുറോഡിൽ കൊള്ളയടിച്ചു. മൈസൂരു ജയപുര ഹരോഹള്ളിയിൽ തിങ്കളാഴ്ച രാവിലെ എട്ടിനും ഒമ്പതിനുമിടയിലാണ് സംഭവം. വ്യവസായിയായ സൂഫി അഹമ്മദാണ് ആക്രമിക്കപ്പെട്ടത്. ഇയാളുടെ കാർ ആക്രമിച്ച് സംഘം പണവും വാഹനവും കവർന്നു. തിങ്കളാഴ്ച പുലർച്ചെ മൈസൂരു വിട്ട സൂഫി അഹമ്മദ് തന്റെ ഇന്നോവ എസ്.യുവിയിൽ എച്ച്.ഡി. കോട്ടെ ഭാഗത്തേക്ക് പോകവെ അദ്ദേഹത്തിന്റെ കാറിനെ നാലോളം പേരടങ്ങുന്ന സംഘം പിന്തുടർന്നിരുന്നു. ഹരോഹള്ളിക്ക് സമീപം സംഘം സൂഫി അഹമ്മദിന്റെ കാറിനെ മറികടന്ന് തടഞ്ഞു. ബലമായി ഇയാളെ പുറത്തേക്ക് വലിച്ചിഴച്ച് പണവും മറ്റു വസ്തുക്കളും വാഹനവും കവർന്നു രക്ഷപ്പെടുകയായിരുന്നു.
കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിച്ചിരുന്ന ഒരു യാത്രക്കാരനാണ് സംഭവത്തിന്റെ വിഡിയോ ദൃശ്യം പകർത്തി സമൂഹമാധ്യമത്തിലിട്ടത്. സംഭവത്തെത്തുടർന്ന്, മൈസൂരു എസ്.പി എൻ. വിഷ്ണുവർധന, എ.എസ്.പിമാരായ സി. മല്ലിക്, നാഗേഷ്, ഡിവൈ.എസ്.പി രഘു അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.
കാറിൽ മൂന്ന് കോടി രൂപയും പ്രധാനപ്പെട്ട സ്വത്ത് രേഖകളും ഉണ്ടായിരുന്നുവെന്നും ഇവ വാഹനത്തോടൊപ്പം മോഷ്ടിക്കപ്പെട്ടെന്നും സൂഫി അഹമ്മദ് പൊലീസിനെ അറിയിച്ചു. അതേസമയം, ഇരയുടെ മൊഴി സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ജയപുര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബസിൽ നിന്ന് പകർത്തിയ വിഡിയോ ദൃശ്യങ്ങൾ പ്രധാന തെളിവായി ഡിവൈ.എസ്.പി രഘുവിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

