മയക്കുമരുന്നുമായി മലയാളി അറസ്റ്റിൽ
text_fieldsമംഗളൂരു: മംഗളൂരുവിലെ പ്രശസ്തമായ കോളജുകളിലെ വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന മലയാളിയെ സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി മട്ടാഞ്ചേരി സ്വദേശിയും മംഗളൂരു ദേർളക്കട്ടെയിൽ താമസക്കാരനുമായ മുഹമ്മദ് അർഷാദ് ഖാനാണ് (29) അറസ്റ്റിലായതെന്ന് പൊലീസ് കമീഷണർ സി.എച്ച്. സുധീർ കുമാർ റെഡ്ഡി പറഞ്ഞു. നഗരത്തിലെ മയക്കുമരുന്ന് ശൃംഖലക്കെതിരെയുള്ള ശക്തമായ നടപടിയുടെ ഭാഗമായാണ് അറസ്റ്റ്.
ബംഗളൂരുവിൽനിന്ന് എം.ഡി.എം.എ വാങ്ങി ദേർളക്കട്ടെയിലും പരിസര പ്രദേശങ്ങളിലുമുള്ള കോളജ് വിദ്യാർഥികൾക്ക് വിൽപന നടത്തിവരുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സി.സി.ബി സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ഏകദേശം 10.85 ലക്ഷം രൂപ വിലമതിക്കുന്ന 53.29 ഗ്രാം എം.ഡി.എം.എ, 2.33 ഗ്രാം ഹൈഡ്രോ വീഡ് കഞ്ചാവ്, 0.45 ഗ്രാം എം.ഡി.എം.എ ഗുളികകൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു.
ഡിജിറ്റൽ വെയിങ് മെഷീൻ, മൊബൈൽ ഫോൺ, മറ്റു വസ്തുക്കൾ എന്നിവ കണ്ടെടുത്തതോടെ ആകെ പിടികൂടിയ തുക 11.05 ലക്ഷം രൂപയായി. കൊണാജെ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് വിതരണ ശൃംഖലയിൽ മറ്റു നിരവധി പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നും അവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

