മലയാളം മിഷൻ ദ്വിദിന അധ്യാപക പരിശീലനത്തിന് സമാപനം
text_fieldsമലയാളം മിഷൻ അധ്യാപക പരിശീലനത്തിന്റെ സമാപന ചടങ്ങിൽ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ സംസാരിക്കുന്നു
ബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർമ്മൽറാം ക്ലാരറ്റ് നിവാസിൽ നടന്ന ദ്വിദിന അധ്യാപക പരിശീലനം സമാപിച്ചു. മലയാളം മിഷൻ മുൻ ഭാഷാധ്യാപകനും എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫിസറുമായ ഡോ. എം.ടി. ശശി നേതൃത്വം നൽകിയ പരിപാടിയിൽ നാൽപതോളം അധ്യാപകർ പങ്കെടുത്തു.
നവീകരിക്കപ്പെട്ട കുട്ടിയെ സൃഷ്ടിക്കുക എന്നതാണ് അധ്യാപകരുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പഠനം ഒരു പാൽ പായസമാണെങ്കിൽ പരീക്ഷ ഒരു പഠനോത്സവമാണ്. ക്ലാസ് മുറി രസമുള്ള കൂട്ടായ്മയുടേതും ആരോഗ്യകരമായ മത്സരമുള്ളതുമാകണം. ഭാഷയിൽ നിന്നും സംസ്കാരത്തിൽ നിന്നും പലവിധ കാരണങ്ങളാൽ മനുഷ്യർ അകന്നുപോകുന്നതായും അദ്ദേഹം പറഞ്ഞു. ആദ്യ ദിവസം കണിക്കൊന്ന, സൂര്യകാന്തി പരിശീലനവും രണ്ടാം ദിനമായ ഞായറാഴ്ച ആമ്പൽ, നീല ക്കുറിഞ്ഞി അധ്യാപകർക്കുള്ള പരിശീലനവും നടന്നു.
പരിശീലന കളരിയിൽ അധ്യാപകരുടെ കവിതകളും കഥകളും വിവരണങ്ങളും തുടങ്ങി നിരവധി വ്യവഹാര രൂപങ്ങൾ പിറവി കൊണ്ടു. ആമ്പൽ, നീലക്കുറിഞ്ഞി പാഠഭാഗത്തെ ആസ്പദമാക്കിയുള്ള പ്രവർത്തനങ്ങൾ, വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞുള്ള പ്രവർത്തനങ്ങൾ, പാനൽ ചർച്ചകൾ എന്നിവ നടന്നു.
മൂല്യ നിർണയത്തിൽ പാലിക്കേണ്ട രീതികളെ കുറിച്ചും ക്ലാസ് മുറികളിലും പരീക്ഷ വേളകളിലും ഒരു അധ്യാപകൻ കുട്ടിയുടെ വഴികാട്ടിയാവേണ്ട ആവശ്യകതയെക്കുറിച്ചും പരിശീലനത്തിൽ ഉണർത്തി. നാടൻ പാട്ടിന്റെ ശീലുകളുമായി കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ സദസ്സിന്റെ നിറഞ്ഞ കൈയടി നേടി. ദാമോദരൻ മാഷ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഹിത വേണുഗോപാൽ, അക്കാദമിക് കോ ഓഡിനേറ്റർ മീര നാരായണൻ, ചാപ്റ്റർ ഫിനാൻസ് സെക്രട്ടറി ജിസോ ജോസ്, ക്ലാരറ്റ് നിവാസിലെ അഡ്മിനിസ്ട്രേറ്റിവ് ഹെഡ് ഫാ. തോമസ് എന്നിവർ സംസാരിച്ചു. ചാപ്റ്റർ കൺവീനർ ടോമി ജെ. ആലുങ്കൽ സ്വാഗതവും ഹിത വേണുഗോപാൽ നന്ദിയും പറഞ്ഞു.
വെസ്റ്റ് മേഖല കോ ഓഡിനേറ്റർ ജിജോ, സൗത്ത് മേഖല കോ ഓഡിനേറ്റർ വിനീഷ്, മുജീബ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി. പങ്കെടുത്തവർക്ക് കെ. ദാമോദരൻ, എം.ടി. ശശി എന്നിവർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

