മലയാളം മിഷൻ ദ്വിദിന അധ്യാപക പരിശീലനം തുടങ്ങി
text_fieldsകർമൽറാം ക്ലാരറ്റ് നിവാസിൽ നടക്കുന്ന മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ നേതൃത്വത്തിലുള്ള ദ്വിദിന അധ്യാപക പരിശീലനം മലയാളം മിഷൻ കേന്ദ്ര പ്രതിനിധി
ഡോ. എം.ടി. ശശി ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ നേതൃത്വത്തിലുള്ള ദ്വിദിന അധ്യാപക പരിശീലന പരിപാടി കർമൽറാം ക്ലാരറ്റ് നിവാസിൽ ആരംഭിച്ചു. എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫിസറും മലയാളം മിഷൻ കേന്ദ്ര പ്രതിനിധിയുമായ ഡോ. എം.ടി. ശശി നേതൃത്വം നൽകി. പഠിച്ച ശീലങ്ങൾ മറന്നാൽ മാത്രമേ മലയാളം മിഷൻ അധ്യാപകൻ ആവാൻ സാധിക്കുകയുള്ളൂവെന്നും ശീലങ്ങൾ മാറാൻ ബോധപൂർവം ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. അറിവും അനുഭവവും കൂടിച്ചേരുമ്പോഴാണ് ഒരു യഥാർഥ ടീച്ചർ ആവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാവിലെ 9.30ന് ആരംഭിച്ച ആദ്യ സെഷനിൽ അധ്യാപനത്തിന്റെ പ്രാഥമിക പാഠങ്ങൾ വിശദീകരിച്ചു. വൈകീട്ട് നാടക സംവിധായകൻ അനിൽ രോഹിത് നയിച്ച നാടക പരിശീലന കളരി, അധ്യാപകരുടെ കലാപരിപാടികൾ എന്നിവ നടന്നു. മലയാളം മിഷൻ പത്താം തരം തുല്യത കോഴ്സ് ആയ നീലക്കുറിഞ്ഞി പരീക്ഷ എഴുതിയ സേതു ലക്ഷ്മി ദാസ്, ആവണി സുരേഷ് എന്നിവർ അധ്യാപക പരിശീലനത്തിനെത്തി. മലയാളം മിഷനെ കൈപിടിച്ചു നടത്താൻ പുത്തൻ തലമുറ മുന്നോട്ടു വന്നത് പരിശീലനത്തിന്റെ മാറ്റു കൂട്ടി.
കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ, സെക്രട്ടറി ഹിത വേണുഗോപാൽ, അക്കാദമിക് കോഓഡിനേറ്റർ മീര നാരായണൻ, ചാപ്റ്റർ കൺവീനർ ടോമി ജെ. ആലുങ്കൽ, വെസ്റ്റ് മേഖല കോഓഡിനേറ്റർ ജിജോ, സൗത്ത് മേഖല കോഓഡിനേറ്റർ വിനീഷ്, കർണാടക ചാപ്റ്റർ ഫിനാൻസ് സെക്രട്ടറി ജിസോ ജോസ്, മുജീബ് റഹ്മാൻ, സെൻട്രൽ സോൺ കോഓഡിനേറ്റർ നൂർ മുഹമ്മദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പരിശീലനത്തിൽ 40ലേറെ അധ്യാപകർ പങ്കെടുത്തു. പരിശീലന ശിൽപശാല ഞായറാഴ്ചയും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

