മലയാളം മിഷൻ പഠനോത്സവം 26ന്
text_fieldsബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ അഞ്ചാമത് പഠനോത്സവം ബംഗളൂരുവിലും മൈസൂരിലുമായി നടക്കും. ബംഗളൂരുവിൽ വിമാനപുര കൈരളീ നിലയം സ്കൂളിൽ നവംബർ 26ന് കാലത്ത് 8. 30ന് പഠനോത്സവം നടക്കും. പ്രശസ്ത എഴുത്തുകാരനും മലയാളം മിഷൻ റേഡിയോ മലയാളം മേധാവിയുമായ ജേക്കബ് എബ്രഹാം പ്രധാന നിരീക്ഷകനായി പങ്കെടുക്കും. ബംഗളൂരുവിലും മൈസൂരിലുമായി കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ പാഠ്യ പദ്ധതികളിലായി 400ഓളം കുട്ടികളാണ് പഠനോത്സവത്തിൽ പങ്കെടുക്കുന്നത്.
പഠനനേട്ടം കൈവരിക്കുകയും പഠനകേന്ദ്രങ്ങളിൽ നടന്ന മാതൃകാ പഠനോത്സവത്തിൽ യോഗ്യത നേടിയവരുമായ കുട്ടികളാണ് 26ന് നടക്കുന്ന പഠനോത്സവത്തിൽ പങ്കെടുക്കുക. കഴിഞ്ഞ ഒരുമാസക്കാലമായി മൂന്ന് പാഠ്യപദ്ധതികൾക്കും വിദഗ്ധ അധ്യാപകർ നയിക്കുന്ന മുന്നൊരുക്ക പരിശീലന ക്ലാസുകൾ ചാപ്റ്റർ തലത്തിൽ നടന്നുവരുന്നുണ്ട്. മൈസൂർ മേഖല പഠനോത്സവം നവംബർ 26ന് കാലത്ത് 8.30ന് ഡീപോൾ പബ്ലിക് സ്കൂളിൽ നടക്കും. ഡീപോൾ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോമിഷ് പഠനോത്സവം ഉദ്ഘാടനം ചെയ്യും.