മലയാളം മിഷന് സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്സ് ‘നീലക്കുറിഞ്ഞി’ നടന്നു
text_fieldsഅധ്യാപക സംഗമത്തില്‍ മുഖ്യാതിഥി മുരളി തുമ്മാരക്കുടി സംസാരിക്കുന്നു
ബംഗളൂരു: മലയാളം മിഷന് സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്സായ ‘നീലക്കുറിഞ്ഞി’ ഞായറാഴ്ച കൈരളി നിലയം സെന്‍ട്രല്‍ സ്കൂളില്‍ നടന്നു. വിവിധ മേഖലകളില്‍നിന്നുള്ള 13 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. രാവിലെ 10 മുതല്‍ 1.15 വരെയാണ് പരീക്ഷ നടന്നത്.
ബംഗളൂരുവില്‍നിന്ന് 10 വിദ്യാര്‍ഥികളും മൈസൂരുവില്‍നിന്ന് മൂന്ന് വിദ്യാര്‍ഥികളുമാണ് ഇത്തവണ പരീക്ഷ എഴുതിയത്. കര്‍ണാടക ചാപ്റ്ററില്‍നിന്ന് ഹിത വേണുഗോപാലൻ (പരീക്ഷ സൂപ്രണ്ട്), ജിസോ ജോസ് (ഡെപ്യൂട്ടി സൂപ്രണ്ട്), മീര നാരായണന് (ഇന്‍വിജിലേറ്റര്‍) എന്നിവര്‍ക്കായിരുന്നു പരീക്ഷ ചുമതല.
ഉച്ചക്ക് 2.30ന് അധ്യാപക സംഗമത്തില്‍ മുരളി തുമ്മാരക്കുടി, നടനും നിർമാതാവുമായ പ്രകാശ് ബാരെ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പ്രവാസി മലയാളി കുട്ടികൾ ചെയ്യുന്നത് കേരളത്തിൽ അറിഞ്ഞോ അറിയാതെയോ സ്വാധീനം ചെലുത്തുന്നുണ്ട്. ഭാവിയിലെ കേരളം എന്താണെന്നറിയാൻ ഇന്നത്തെ പ്രവാസി കുട്ടികളുടെ പ്രവൃത്തികളും വളർച്ചയും നോക്കിയാൽ മതി. ഭാഷ പഠിപ്പിക്കാനുള്ള ശ്രമങ്ങൾ എല്ലാവരും എല്ലാ കാലത്തും നടത്തിയിട്ടുമുണ്ട്. എന്നാൽ, മലയാളം മിഷന്റെ കടന്നുവരവോടെയാണ് ഇതിനൊരു ചിട്ടയും രൂപവും കൈവന്നതെന്ന് മുരളി തുമ്മാരുകുടി അഭിപ്രായപെട്ടു. ഭാഷ ഒരു താക്കോലാണ്, അനവധി കാര്യങ്ങളിലേക്കുള്ള താക്കോൽ -സാഹിത്യം, സിനിമയടക്കം പലതിലേക്കും നമ്മെ ബന്ധിപ്പിക്കുന്നത് ഭാഷയാണ്.
മാതൃഭാഷ പഠിക്കാതിരുന്നാൽ ഇത്തരത്തിലുള്ള പലതിലേക്കുമുള്ള ബന്ധമാണ് അറ്റുപോകുന്നത്. നമ്മൾ ഇതര നാടുകളിലേക്ക് പോകുന്നതുപോലെ ഇതര ഭാഷക്കാർ കേരളത്തിലേക്ക് വരുകയും മലയാളം ഭംഗിയായി കൈകാര്യം ചെയ്യുകയും ചെയ്യുന്നതും നമുക്ക് സന്തോഷമുള്ള കാര്യമാണ്. ഇതര സംസ്ഥാന സാഹിത്യകാരന്മാർ മലയാളത്തിൽ എഴുതുകയും സാഹിത്യ അവാർഡുകൾ വാങ്ങുകയും ചെയ്യുന്ന കാലം വരണം. നിർമിത ബുദ്ധിക്ക് ഭാഷയെ ശക്തിപ്പെടുത്താൻ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശയവിനിമയോപാധി എന്നതിനപ്പുറം സംസ്കാരമായി വളരാനുള്ള ഉപകരണമാവണം ഭാഷ. നിർമിത ബുദ്ധി അടക്കമുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭാഷയെ കൂടുതൽ ആളുകളിലേക്ക് എത്തിക്കണമെന്നും മലയാളത്തിലെ കൂടുതൽ സാഹിത്യ കൃതികളും മറ്റു രേഖകളും ഡിജിറ്റൈസ് ചെയ്യുകയും ഇന്റർനെറ്റിൽ മലയാളത്തിന്റെ സാന്നിധ്യം കൂട്ടുകയും ചെയ്താൽ നിർമിതബുദ്ധിയുടെ ഗുണഫലങ്ങൾ നമുക്ക് ഉപയോഗിക്കാൻ കഴിയുമെന്നും പ്രകാശ് ബാരെ പറഞ്ഞു.
മലയാണ്മ പുരസ്കാരം നേടിയ ടോമി ജെ. ആലുങ്കല്‍, സതീഷ് തോട്ടശ്ശേരി എന്നിവരെ ആദരിച്ചു. മലയാളം മിഷന് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനം വിതരണം ചെയ്തു. നീലക്കുറിഞ്ഞി കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളെയും അവരെ അതിന് സജ്ജരാക്കിയ അധ്യാപകരെയും അനുമോദിച്ചു. സമ്മേളനത്തിന് ശേഷം ‘ലോക്ക്ഡൗൺ ക്രിയേഷൻസ്’ അവതരിപ്പിച്ച രണ്ട് നാടകങ്ങൾ അരങ്ങേറി.
അനിൽ തിരുമംഗലം രചനയും സവിധാവനവും നിർവഹിച്ച ‘കുമാരൻ ന്യൂട്രൽ’, ‘ഒറ്റക്കണ്ണൻ’ എന്നീ നാടകങ്ങൾ വേദിയിൽ അവതരിപ്പിച്ചത് അരുൺ ജയചന്ദ്രിക, മണികണ്ഠൻ നായർ എന്നിവരാണ്. മലയാളം മിഷൻ അധ്യാപകരുടെയും വിദ്യാർഥികളുടെയും കലാപരിപാടികളും നടന്നു. ഹരിത എസ്.ബി, ബിന്ദു ഗോപാലകൃഷ്ണൻ, അഡ്വ. ബുഷ്റ വളപ്പിൽ എന്നിവർ കലാസാംസ്കാരിക സമാപന സമ്മേളനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

