മലയാളം മിഷൻ കാവ്യശിൽപശാല
text_fieldsമലയാളം മിഷൻ കർണാടക ചാപ്റ്റർ ബംഗളൂരുവിൽ സംഘടിപ്പിച്ച കാവ്യശിൽപശാല സമാപന ക്ലാസിൽനിന്ന്
ബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ പന്ത്രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി മലയാളം മിഷൻ വിദ്യാർഥികൾക്കായി കാവ്യശിൽപശാല നടത്തി.
മലയാള സാഹിത്യത്തിലെ കവികളെയും കവിതകളെയും പരിചയപ്പെടുത്തിക്കൊണ്ട് ബംഗളൂരു, മൈസൂരു, ഉഡുപ്പി മേഖലകളിലെ കുട്ടികൾക്കായി ആറ് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിച്ചു. ബംഗളൂരു മേഖലയിലെ കുട്ടികൾക്ക് സംഘടിപ്പിച്ച സമാപന ക്ലാസ് കൈരളി നിലയം വിമാനപുര സ്കൂളിൽ നടന്നു. നീതു കുറ്റിമാക്കൽ നേതൃത്വം നൽകി. മൈസൂരു മേഖലയിലെ കുട്ടികൾക്കായി ജൂൺ 23ന് ക്ലാസ് സംഘടിപ്പിക്കും.
കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ, സെക്രട്ടറി ഹിത വേണുഗോപാൽ, കൈരളി കലാസമിതി സെക്രട്ടറി പി.കെ. സുധീഷ്, മധ്യമേഖല കോഓഡിനേറ്റർ നൂർ മുഹമ്മദ്, നോർത്ത് മേഖല കോഓഡിനേറ്റർ ബിന്ദു ഗോപാല കൃഷ്ണൻ, അക്കാദമിക് കോഓഡിനേറ്റർ മീരാ നാരായണൻ, ബംഗളൂരുവിലെ വിവിധ മേഖലയിൽ നിന്നുള്ള മിഷൻ അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

