മലയാളം മിഷൻ കെ.കെ. ഗംഗാധരൻ അനുസ്മരണം നടത്തി
text_fieldsകെ.കെ. ഗംഗാധരൻ
ബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കെ.കെ. ഗംഗാധരൻ അനുസ്മരണം നടത്തി. മലയാളത്തിലെ മികച്ച എഴുത്തുകാരുടെ കൃതികൾ കന്നടയിലേക്ക് പരിഭാഷപ്പെടുത്തുന്നതിലും, അതിലൂടെ നമ്മുടെ സംസ്കാരം കർണാടകയിലേക്ക് കൈമാറുന്നതിലും കെ.കെ.ജി അമൂല്യമായ പങ്കുവഹിച്ചതായി യോഗം വിലയിരുത്തി.
അദ്ദേഹം കന്നടയിലേക്ക് വിവർത്തനം ചെയ്ത പല പുസ്തകങ്ങളും കർണാടകയിലെ യൂനിവേഴ്സിറ്റിതലത്തിലും മറ്റും സിലബസിന്റെ ഭാഗമാണ്. തനിക്ക് ഇഷ്ടപ്പെട്ട കൃതികൾ മാത്രമേ അദ്ദേഹം വിവർത്തനം ചെയ്യാറുള്ളുവെന്നും, കന്നടക്കാർക്ക് സുപരിചിതനായ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മലയാളികളിലേക്ക് കൂടി എത്തിക്കേണ്ട ചുമതല നമുക്കുണ്ടെന്നും അതിനായി മലയാളം മിഷൻ മുൻകൈയെടുക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. സുഹൃത്തുക്കൾക്കിടയിൽ കെ.കെ.ജി എന്ന് അറിയപ്പെട്ട അദ്ദേഹവുമായുള്ള വ്യക്തിബന്ധവും വൈകാരികമായ അടുപ്പവും പ്രഭാഷകർ അനുസ്മരിച്ചു.ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ അധ്യക്ഷതവഹിച്ചു. കന്നട ഡെവലപ്മെന്റ് അതോറിറ്റി ചെയർമാൻ പുരുഷോത്തം ബിളിമലെ, എഴുത്തുകാരായ സുധാകരൻ രാമന്തളി, വിഷ്ണുമംഗലം കുമാർ, സതീഷ് തോട്ടശ്ശേരി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ചാപ്റ്റർ സെക്രട്ടറി ഹിത വേണുഗോപാലൻ സ്വാഗതം പറഞ്ഞു.
അക്കാദമിക് കോഓഡിനേറ്റർ മീര നാരായണൻ, കൺവീനർ ടോമി ആലുങ്കൽ, അഡ്വ. ബുഷ്റ വളപ്പിൽ എന്നിവർ പങ്കെടുത്തു. മേഖല കോഓഡിനേറ്റർ നൂർ മുഹമ്മദ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

