Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അറിവിന്‍റെ വെളിച്ചമായി മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം

text_fields
bookmark_border
അറിവിന്‍റെ വെളിച്ചമായി മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം
cancel
camera_alt

 മലയാളം മിഷൻ കർണാടക ചാപ്റ്ററിന്‍റെ പഠനോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന്

ബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്‍റെ പഠനോത്സവം ഞായറാഴ്ച ബംഗളൂരുവിലും മൈസൂരിലുമായി നടന്നു. ബംഗളൂരുവിലെ അഞ്ച് മേഖലകളിൽ നിന്നായി 250-ഓളം വിദ്യാര്‍ഥികളും മൈസൂർ മേഖയിൽയിൽ നിന്ന് 101 വിദ്യാർത്ഥികളും പഠനോത്സവത്തില്‍ പങ്കെടുത്തു. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ കോഴ്സുകളിലെ പഠനോത്സവത്തിനൊപ്പം സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നീ കോഴ്സുകളിലേക്കുള്ള സമാന്തര പ്രവേശന പരീക്ഷയും നടന്നു. വിമാനപുര കൈരളി നിലയം സ്കൂളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരന്‍ സുധാകരന്‍ രാമന്തളിയും ബാംഗ്ലൂര്‍ കേരള സമാജം പ്രസിഡന്‍റ് എം. ഹനീഫും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.

കൈരളി കലാസമിതി ബോർഡ് അംഗം ബി. രാജശേഖരനും സന്നിഹിതനായിരുന്നു. നീലക്കുറിഞ്ഞി പരീക്ഷയില്‍ വിജയിച്ചവര്‍ക്കും സുഗതാഞ്ജലി മത്സര വിജയികള്‍ക്കും ബാലശാസ്ത്ര പരീക്ഷയില്‍ വിജയിച്ചവര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ടോമി ജെ. ആലുങ്കല്‍, ത്രേസ്യാമ്മ ടീച്ചര്‍, മാര്‍ട്ടിന്‍ എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു. തുടർന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. സെന്‍ട്രല്‍ സോണ്‍ കോഓര്‍ഡിനേറ്റര്‍ നൂര്‍ മുഹമ്മദ്, ചാപ്റ്റര്‍ കൺവീനർ ടോമി ജെ. ആലുങ്കല്‍, അക്കാഡമിക് കോഓർഡിനേറ്റർ മീരാനാരായണൻ, ഗോപകുമാര്‍ ഐ.ആർഎസ് എന്നിവര്‍ സംസാരിച്ചു. ഇത്തവണത്തെ പഠനോത്സവത്തില്‍ കുട്ടികളുടെ രെജിസ്ട്രേഷന്‍ മുതല്‍ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് വരെയുള്ള ഘട്ടങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്തു. ചാപ്റ്ററിന്‍റെ ഐ. ടി സെക്രട്ടറി ജിസ്സോ ജോസിന്‍റെ നേതൃത്വത്തിലാണ് ഇതിനായി 'പാഠി' എന്ന സോഫ്റ്റ് വെയര്‍ വികസിപ്പിച്ചെടുത്തത്. മലയാളം മിഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. ബുഷ്റ വളപ്പില്‍ സ്വാഗതവും സെക്രട്ടറി ഹിത വേണുഗോപാലന്‍ നന്ദിയും പറഞ്ഞു.

നിറഞ്ഞാടി കുട്ടിച്ചാത്തന്‍ തിറ

ബംഗളൂരു: വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേറിട്ട അനുഭവമാണ് ഓരോ പഠനോത്സവങ്ങളും സമ്മാനിക്കുന്നത്. അരങ്ങിലും അണിയറയിലുമായി നിരവധിപേരാണ് ഓരോ പഠനോത്സവ നടത്തിപ്പിനും പിറകില്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ മാത്രമായിരുന്നു അരങ്ങില്‍ എത്തിയതെങ്കില്‍ ഇത്തവണ രക്ഷിതാക്കള്‍ കൂടി പങ്കാളികളായി എന്ന പ്രത്യേകതയുമുണ്ട്. ആമ്പല്‍ കോഴ്സിലെ പഠന വിഷയങ്ങള്‍ അടിസ്ഥാനമാക്കിയും അന്യം നിന്നു പോകുന്ന അനുഷ്ഠാന കലാ രൂപങ്ങള്‍ കുട്ടികള്‍ക്ക് പരിചിതമാക്കുക എന്നതു കൂടി കണക്കിലെടുത്ത് പ്രാദേശിക കലാരൂപങ്ങളാണ്

പഠനോത്സവത്തില്‍ കണ്ടു വരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ പൂതം, പടയണി, എരുത് എന്നിങ്ങനെ വ്യത്യസ്തമായ കലാരൂപങ്ങള്‍ ഓരോ വിദ്യാര്‍ഥിയെയും ആകാംക്ഷാഭരിതരാക്കി. ഇത്തവണ ഉത്സവം എന്ന വിഷയത്തില്‍ കുട്ടിച്ചാത്തന്‍ തിറയാണ് ആകര്‍ഷണമായി മാറിയത്. കര്‍ണാടക ചാപ്റ്റര്‍ അക്കാദമിക് സംഘമാണ് ഓരോ പ്രമേയവും തെരഞ്ഞെടുക്കുന്നത്. ഓരോ നാടിനും തനതായ കലാരൂപങ്ങള്‍ ഉണ്ടെങ്കിലും പലരും അത് അറിയപ്പെടാതെ പോകുന്ന തിനാല്‍ ആളുകളിലേക്ക് അത് എത്തിക്കുക എന്നതും ഇതിന് പിറകിലുണ്ടെന്ന് അക്കാദമിക് കോ ഓര്‍ഡിനേറ്റര്‍ മീര നാരായണന്‍ പറഞ്ഞു. കുറച്ചു വര്‍ഷങ്ങളായി കലാരൂപങ്ങള്‍ക്കായുള്ള വേഷങ്ങള്‍ എല്ലാം സ്വയം നിര്‍മ്മിച്ചെടുക്കുകയാണ്. കുട്ടികളുടെ രക്ഷിതാക്കളോ മലയാളം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍മാരോ നിര്‍മ്മിക്കുകയാണ് പതിവ്. ടി.സി. പാളയ കൈരളി മലയാളം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ശിവദാസും സംഘവുമാണ് കുറച്ചു വര്‍ഷങ്ങളായി നിര്‍മ്മാണത്തിന് പിറകില്‍ . നീലക്കുറിഞ്ഞി കോഴ്സ് പൂര്‍ത്തിയാക്കിയ ആവണി രമേഷ്, സേതു ലക്ഷ്മി ദാസ് എന്നിവരാണ് കുറച്ചു വര്‍ഷങ്ങളായി കലാരൂപങ്ങളായി ആസ്വാദകരുടെ മനം കീഴടക്കുന്നത്. 2019 ല്‍ ഭൂതത്തിന്‍റെ വേഷം കെട്ടിയാണ് ആവണിയും സേതുവും ആദ്യമായി അരങ്ങിലെത്തിയത്. പൂതപ്പാട്ടിലെ പൂതമായി വേഷം കെട്ടിയതോടെ കലാരൂപങ്ങള്‍ അടുത്തറിയാനുള്ള ആകാംക്ഷ വര്‍ധിച്ചുവെന്നും ഇരുവരും ഒരേ സ്വരത്തില്‍ പറഞ്ഞു. അധ്യാപക പരിശീലനം പൂര്‍ത്തിയാക്കിയ ഇരുവരും പുതു തലമുറക്ക് അധ്യാപനത്തിലും കലകളെ ചേര്‍ത്ത് നിര്‍ത്തുന്നതിലും പ്രചോദനമാണ്. താല്പര്യമാണ് ഓരോ കലാരൂപത്തിന് പിറകിലുമെന്ന് എം.പി. ശിവദാസ് പറയുന്നു. ഭാര്യയും മലയാളം മിഷന്‍ അധ്യാപികയുമായ അമ്പിളി ശിവദാസ്, മീര നാരായണന്‍, ഷിജിത്ത് എന്നിവരാണ് പിന്നണിയില്‍.

കുട്ടിച്ചാത്തന്‍ തിറയായി ആവണി രമേഷ്, സേതു ലക്ഷ്മി ദാസ് എന്നിവര്‍

ഭാഷാ പഠനം കുടുംബകാര്യം

ബംഗളൂരു: പഠനോത്സവത്തില്‍ വേറിട്ട കാഴ്ചയായി മൂന്നു കുടുംബങ്ങള്‍. കര്‍ണാടക ചിക് മംഗളൂരു സ്വദേശി എം.ജി അല്‍ഫോണ്‍സ, സെന്‍റ് മേരീസ് സ്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ഷൈന്‍, സെന്‍റ് മേരീസ് സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ സിനി മോള്‍ എന്നിവര്‍ ഒരുമിച്ചാണ് മലയാള പഠനം ആരംഭിച്ചത്. അമ്മയുടെ കൂടെ ഇരുന്നു പഠിക്കാന്‍ ഇഷ്ടമമാണെന്ന് മക്കള്‍ ഇരുവരും ഒരേ സ്വരത്തില്‍ പറഞ്ഞു. നേരത്തെ എഴുതാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. മലയാളം മിഷന്‍ ക്ലാസുകളിലൂടെ അതെല്ലാം മാറികിട്ടി. നല്ല രീതിയില്‍ എഴുതാന്‍ സാധിക്കുന്നുവെന്നും ജീന പറഞ്ഞു.

എ ആന്‍ഡ് ഇസഡ് കമ്പനിയില്‍ ഉദ്യോഗസ്ഥയായ കോട്ടയം സ്വദേശി റബേക്കയും മക്കളായ നോയല്‍, നികിത എന്നിവരും സമാനമായ രീതിയില്‍ പഠനം ആരംഭിച്ചവരാണ്. ക്രൈസ്റ്റ് കോളജില്‍ ബികൊം ഡിഗ്രി വിദ്യാര്‍ഥി നോയലലും നികിതയും അമ്മയോടപ്പം പഠിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ്. പള്ളിയിലെ പരിപാടിയിലൂടെയാണ് കോഴ്സിനെക്കുറിച്ച് അറിഞ്ഞത്. മുത്തശ്ശിയായ റോസമ്മയാണ് ഗുരുനാഥ. തുടക്കത്തില്‍ നിര്‍ബന്ധിക്കേണ്ടി വന്നെങ്കിലും പഠനം തുടങ്ങിയപ്പോള്‍ താല്‍പര്യം വന്നുവെന്നും പുതിയ തലമുറയിലെ കുട്ടികള്‍ പെട്ടന്നു പഠിക്കുന്നുവെന്നും റോസമ്മ പറയുന്നു.

തിരുവല്ല സ്വദേശിയും ബിസിനസ് കാരനുമായ ജോസഫ്, കായംകുളം സ്വദേശി മേഴ്സി ദമ്പതികള്‍ ബംഗളൂരുവിലാണ് ജനിച്ചതും വളര്‍ന്നതും അതിനാല്‍ തന്നെ ഭാഷാ പരിഞ്ജാനം കുറവയിരുന്നു. തുടക്കത്തില്‍ മലയാളം ഒന്നും അറിയുമായിരുന്നില്ല എന്നും റോസമ്മ ടീച്ചറിന്‍റെ ശിക്ഷണത്തില്‍ പഠനം പാല്‍പ്പായസമാകുകയായിരുന്നുവെന്നും ഇരുവരുംപറഞ്ഞു. ബംഗളൂരു സ്വദേശിയായ ആന്‍സിയും കണിക്കൊന്ന പഠനം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ചര്‍ച്ചിലെ പാട്ടുകള്‍ മിക്കവയും മലയാളത്തില്‍ ആണ്. മലയാളം പഠിച്ചാല്‍ അവ കൂടുതല്‍ നല്ല രീതിയില്‍ അറിയാന്‍ സാധിക്കും എന്നു തോന്നി. ടെസ്സി ടീച്ചര്‍, ബിന്‍സി ടീച്ചര്‍ എന്നിവരാണ് മലയാളം പഠിക്കാന്‍ പ്രചോദനം നല്‍കിയതെന്നും ആന്‍സി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malayalam Mission Karnataka Chapters Padhanolsavam
Next Story