മലയാളം മിഷൻ ത്രിദിന സഹവാസ പഠന ക്യാമ്പിന് തുടക്കം
text_fieldsമലയാളം മിഷൻ ത്രിദിന സഹവാസ പഠന ക്യാമ്പിലേക്കുള്ള യാത്രാസംഘത്തിന്റെ ഫ്ലാഗ് ഓഫ്
ജാലഹള്ളി കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ഹാളില്‍ നടന്നപ്പോള്‍
ബംഗളൂരു: പ്രവാസി കുട്ടികളെ കേരള സംസ്കാരത്തോട് ചേർത്തുനിർത്തുക എന്ന ലക്ഷ്യത്തോടെ മലയാളം മിഷൻ കര്‍ണാടക ചാപ്റ്റര്‍ ആറളം മുതൽ അറബിക്കടൽ വരെ എന്ന പേരില്‍ കണ്ണൂരില്‍ സംഘടിപ്പിക്കുന്ന ത്രിദിന സഹവാസ പഠന ക്യാമ്പിലേക്കുള്ള യാത്രാസംഘത്തിന്റെ ഫ്ലാഗ് ഓഫ് ജാലഹള്ളി കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ഹാളില്‍ നടന്നു.
സമാജം സെക്രട്ടറി അജിത് കുമാർ, ട്രഷറര്‍ ബിജു ജേക്കബ്, ജോയന്റ് സെക്രട്ടറിമാരായ വിശ്വനാഥൻ പിള്ള, സി.പി. മുരളി, വിദ്യാനിധി കണ്‍വീനര്‍ ആഷൈ കുമാര്‍, വാസുദേവ്, സുധാകരന്, മാധ്യമ പ്രവര്ത്തകന് ഉമേഷ് രാമന് എന്നിവര്‍ സംസാരിച്ചു. ബാംഗ്ലൂർ നോർത്ത് മേഖല കോഓഡിനേറ്റർ ബിന്ദു ഗോപാലകൃഷ്ണൻ, നോർത്ത് മേഖല അക്കാദമി കോഓഡിനേറ്റർ ജ്യോത്സ്ന, ശശിധരൻ എന്നിവര്‍ പങ്കെടുത്തു. മലയാളം മിഷന് കർണാടക ചാപ്റ്റർ ജോയന്റ് സെക്രട്ടി അഡ്വ. ബുഷ്റ വളപ്പില്‍ സ്വാഗതവും കണ്‍വീനര്‍ ടോമി ജെ. ആലുങ്കല്‍ നന്ദിയും പറഞ്ഞു.
മലയാള മണ്ണിലേക്കുള്ള ആദ്യ പഠനയാത്ര പതിവ് പാഠപുസ്തക രീതികളില്‍ നിന്ന് വിഭിന്നമായ രീതിയിലാണ് മലയാളം മിഷന്റെ സഞ്ചാരം. പ്രവാസികളായ മലയാളി കുട്ടികള്‍ക്ക് നാടിന്റെ തുടിപ്പുകള്‍ നേരിട്ടനുഭവിച്ചറിയാന്‍ ഉതകുന്ന രീതിയിലാണ് ക്യാമ്പ് രൂപകല്പന.
ബംഗളൂരുവില്‍ നിന്നും 15 കുട്ടികളും 10 രക്ഷിതാക്കളുമടക്കം 25 പേരാണ് സംഘത്തിലുള്ളത്. മലയാളം മിഷൻ കണ്‍വീനര്‍ ടോമി ജെ. ആലുങ്കല്‍, ജീവൻരാജ് (കര്‍ണാടക), വർഗീസ് വൈദ്യർ (കണ്ണൂര്‍) എന്നിവര്‍ ക്യാമ്പ് നയിക്കും. മലയാളം മിഷന് അധ്യാപകരായ സുനിൽ, കുഞ്ഞുമേരി തോമസ്, ശ്രീപ്രിയ, ശോഭന, ശാരിക, ശകുന്തള എന്നിവര്‍ വിവിധ പരിപാടികള്‍ നിയന്ത്രിക്കും.
ശനിയാഴ്ച രാവിലെ ആരംഭിച്ച യാത്രയില്‍ മുത്തങ്ങ, പാൽചുരം, പാലുകാച്ചിമല, ആറളം വൈൽഡ് ലൈഫ്, ശലഭോദ്യാന സന്ദര്‍ശനം, ട്രക്കിങ്, പഴശ്ശി ഡാം, മീനൂട്ടു കടവ്, ഇരിക്കൂർ മഖാം ഉറൂസ്, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, കലക്ട്രേറ്റ് മൈതാനം, അഞ്ചലോസ് കോട്ട, ഫോക് ലോർ അക്കാദമി മ്യൂസിയം എന്നിവ സന്ദര്‍ശിക്കും. സമാപന സമ്മേളനത്തില്‍ മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ അധ്യക്ഷത വഹിക്കും. ആര്.വി. ഏഴോം, കണ്ണൂര്‍ ഡിവൈ.എസ്.പി ബോബി തോമസ് എന്നിവര്‍ പങ്കെടുക്കും. ഏപ്രില്‍, മേയ് മാസങ്ങളിലായി കര്‍ണാടകയില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഹവാസ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് മലയാളം മിഷന് പ്രവര്‍ത്തകരുമായി ബന്ധപ്പെടുക. ഫോണ്‍ :9739200919.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

