കരയും കടലും ആകാശവുംതാണ്ടി ഇതാ ഇവരുടെ ആദ്യയാത്ര
text_fieldsമംഗലം ജി.എം.എൽ.പി സ്കൂൾ വിദ്യാർഥികൾ ബംഗളൂരു വിശ്വേശ്വരയ്യ സയൻസ് മ്യൂസിയത്തിലെ യുദ്ധവിമാനത്തിനു മുന്നിൽ
ബംഗളൂരു: വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിവിധ തരത്തിലുള്ള യാത്രാനുഭവം നൽകി വ്യത്യസ്തമാവുകയാണ് കേരളത്തിലെ ഒരു സർക്കാർ പ്രൈമറി വിദ്യാലയം. മലപ്പുറം തിരൂർ മംഗലം ജി.എം.എൽ.പി സ്കൂളാണ് ‘സ്വപ്നയാത്ര 2023’ എന്ന വേറിട്ട പരിപാടി നടത്തിയത്. വിദ്യാർഥികൾക്ക് വിമാന-കടൽ-ജല യാത്രകൾ നടത്താനാണ് അവസരമൊരുക്കിയത്. ‘അനുഭവങ്ങളിലൂടെ പഠനം’ എന്ന ആശയത്തിലൂന്നിയുള്ള യാത്രയുടെ ഭാഗമായി കുട്ടികൾ ബംഗളൂരു നഗരത്തിലുമെത്തി. യാത്രാനുഭവങ്ങൾ നൽകുക, വാഹനങ്ങളുമായി ബന്ധപ്പെട്ട പലതരം സാധ്യതകൾ നേരിട്ട് പഠിക്കുക, ശാസ്ത്രാഭിമുഖ്യവും സാമൂഹികബോധവും വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് പി.ടി.എ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
മാർച്ച് 11ന് രാവിലെ എറണാകുളത്തേക്ക് ട്രെയിനിൽ ആരംഭിച്ച യാത്ര കൊച്ചി മെട്രോ, കായൽ-കടൽ യാത്രകൾക്കു ശേഷം പിറ്റേ ദിവസം രാവിലെ നെടുമ്പാശ്ശേരിയിൽനിന്ന് ബംഗളൂരുവിലേക്ക് വിമാനമാർഗം എത്തി. 52 അംഗ സംഘത്തിൽ 34 വിദ്യാർഥികളും ഏഴ് അധ്യാപകരും 11 രക്ഷിതാക്കളുമാണ് ഉള്ളത്. ബംഗളൂരുവിൽ കബ്ബൺ പാർക്ക്, വിശ്വേശ്വരയ്യ സയൻസ് മ്യൂസിയം എന്നിവ സന്ദർശിച്ച സംഘം ബംഗളൂരു മെട്രോ വഴി യശ്വന്ത്പുരത്തേക്ക് നീങ്ങി. രാത്രി യശ്വന്ത്പുരത്തുനിന്ന് കണ്ണൂർ എക്സ്പ്രസിൽ നാട്ടിലേക്ക് തിരിച്ചു. വിദ്യാർഥികൾക്ക് വിമാനയാത്ര, കടൽ യാത്ര, കായൽ യാത്ര, കൊച്ചി മെട്രോ, ബംഗളൂരു മെട്രോ, പകൽ സമയത്തുള്ള ട്രെയിൻ യാത്ര, രാത്രിയിൽ സ്ലീപ്പർ ട്രെയിൻ യാത്ര തുടങ്ങി വ്യത്യസ്തമായ യാത്രാനുഭവങ്ങൾ ആസ്വദിക്കാനും അനുഭവിക്കാനും സാധിച്ചതായി സ്കൂൾ പി.ടി.എ പ്രസിഡന്റ് കെ.പി. റാഷിദ് അറിയിച്ചു. മൂന്ന്, നാല് ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികളെയും പങ്കെടുപ്പിച്ചായിരുന്നു യാത്ര. ഇതിനായി രണ്ടു വർഷമായി തയാറെടുപ്പിലായിരുന്നു. ഓണം, വിഷു, പെരുന്നാൾ പോലുള്ള ഉത്സവാവസരങ്ങളിൽ ലഭിക്കുന്ന ചെറിയ സമ്മാനത്തുകകളും മറ്റും കുട്ടികൾ അധ്യാപകരെ ഏൽപിച്ചു. എല്ലാ ബുധനാഴ്ചകളിലും അക്ഷരനിധി എന്ന പേരിൽ വിദ്യാലയത്തിൽ ഏർപ്പെടുത്തിയ ലഘുസമ്പാദ്യ പദ്ധതി വഴിയും യാത്രക്കാവശ്യമായ തുക കണ്ടെത്തി. ബാക്കി തുക രക്ഷിതാക്കളും അഭ്യുദയകാംക്ഷികളുമാണ് വഹിച്ചത്. രണ്ട് വർഷം കൂടുമ്പോൾ സമാന യാത്ര നടത്തുകയാണ് ലക്ഷ്യം. ഒരു സർക്കാർ പ്രൈമറി വിദ്യാലയം ഇത്തരം യാത്ര സംഘടിപ്പിക്കുന്നത് ആദ്യമായാണ്. പരിപാടിക്ക് എസ്.ആർ.ജി കൺവീനർ പി. സബിത, അധ്യാപകരായ സുകേശിനി വെണ്ണാടി, ഹസ്ന ബീഗം, മുഹ്സിന, പി.ടി.എ പ്രസിഡന്റ് കെ.പി. റാഷിദ്, അംഗങ്ങളായ കെ.ടി. മുജീബ്, കെ. ശ്യാമള എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

