മാക്കൂട്ടം ചുരം റോഡ് അറ്റകുറ്റപ്പണി തുടങ്ങി
text_fieldsമംഗളൂരു: വീരാജ്പേട്ട- മാക്കൂട്ടം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ഏഴു കിലോമീറ്ററോളം കുഴികളടച്ച് ഗതാഗതയോഗ്യമാക്കി. റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്ന് ചൂണ്ടിക്കാട്ടി മലബാർ മുസ്ലിം അസോസിയേഷൻ എൻ.എ. ഹാരിസ് എം.എൽ.എ മുഖേന മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നിവേദനം നൽകിയിരുന്നു. കണ്ണൂർ ഭാഗത്തുനിന്ന് കുടക്, മൈസൂർ, ഹാസൻ, ബംഗളൂരു ഭാഗത്തേക്ക് യാത്ര ചെയ്യാനുള്ള ഏക വഴിയാണിത്. ഈറോഡ് പൊട്ടിപ്പൊളിഞ്ഞത് കാരണം യാത്ര ദുഷ്കരമായിട്ട് മാസങ്ങളായിരുന്നു. ചരക്കുവാഹനങ്ങൾ കൂടുതലും കടന്നുപോകുന്നതും ഈ വഴിയാണ്. ചെറുവാഹനങ്ങളായും ഇരുചക്ര വാഹനങ്ങളായും ധാരാളം ദിനംപ്രതി ഇതുവഴി കടന്നുപോകുന്നു.
ഇവരാണ് കൂടുതൽ യാത്ര ദുരിതമനുഭവിക്കുന്നത്. കുടകിലുള്ളവർക്ക് കണ്ണൂർ ഇന്റർനാഷനൽ വിമാനത്താവളത്തിലേക്കും പോകേണ്ടത് ഇതുവഴിയാണ്. ശബരിമല സീസണായതിനാൽ കാൽനടയായും വാഹനങ്ങളിലും ഇതുവഴി തീർഥാടകരും യാത്ര ചെയ്യുന്നതിനാൽ യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണികൾ തീർക്കണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നത്. സംസ്ഥാനപാതയിൽ ബിട്ടൻകാലമുതൽ മാക്കൂട്ടംവരെയുള്ള ഏകദേശം 25 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് കർണാടക - കേരള അന്തർസംസ്ഥാന പാതയായ ഈ ചുരം റോഡ്. റോഡ് പൂർണമായും തകർന്ന് ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കും ഇരുചക്രവാഹനങ്ങൾക്കും അപകടഭീഷണി ഉയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

