ജീവിതത്തിന്റെ തിരുത്താണ് കഥ- ഇ.പി. രാജഗോപാലൻ
text_fieldsപലമ നവമാധ്യമ കൂട്ടായ്മയുടെ പുസ്തക അവലോകന പരിപാടിയിൽ നിരൂപകൻ ഇ.പി. രാജഗോപാലൻ സംസാരിക്കുന്നു
ബംഗളൂരു: ജീവിതത്തെ തിരുത്താൻ വേണ്ടി എഴുതുന്നതാണ് കഥയെന്നും അത് വെറും വിവരണമല്ല, വെളിപാടാണെന്നും പ്രശസ്ത നിരൂപകൻ ഇ.പി. രാജഗോപാലൻ. പലമ നവമാധ്യമ കൂട്ടായ്മയുടെ ഉൾക്കഥ എന്ന പുസ്തക അവലോകന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിണ്ടരുത് എന്ന് പറയുന്ന രാഷ്ട്രീയക്രമം രാജ്യത്ത് മൂർത്തമായ സാഹചര്യത്തിൽ ഞങ്ങൾ മിണ്ടും എന്ന് വിളിച്ചുപറയലാണ് കഥകൾ ചെയ്യുന്നത്. വായനക്കാർ ഉപഭോക്താക്കളല്ല; മറിച്ച്, അർഥങ്ങൾ നിർമിക്കുന്നവരാണ്. കണ്ണുകളുടെ, കാഴ്ചയുടെ ലോകമാണ് ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്. അതിനാൽ കഥയിൽ വിവരണം കുറയുകയാണ്. സാഹിത്യ ചർച്ചകൾക്ക് പകരം സാഹിത്യ ആഘോഷങ്ങളാണ് നടക്കുന്നത്. എഴുത്തുകാരെ വായനക്കാർ ദൈവം പോലെ ആരാധിക്കുന്ന കാലം അവസാനിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഥാകാരനായ മുഹമ്മദ് കുനിങ്ങാടിന്റെ ‘തെരുവിൽ കണ്ടത്’ എന്ന കഥാസമാഹാരത്തെ വിലയിരുത്തി നടന്ന അവലോകന പരിപാടിയിൽ ശാന്തകുമാർ എലപ്പുള്ളി അധ്യക്ഷത വഹിച്ചു. കവിയും അധ്യാപകനുമായ ടി. പി. വിനോദ് ചർച്ചക്ക് ആമുഖം നൽകി. ഇന്ദിരാ ബാലൻ, ഫ്രാൻസിസ് ആന്റണി, എൻ. ആർ. ബാബു, ആർ.വി. ആചാരി, ഡെന്നിസ് പോൾ, ടി.എം. ശ്രീധരൻ, സി.ഡി. തോമസ്, എസ്. സലിംകുമാർ, കേശവൻ നായർ, രതി സുരേഷ്, ഗീതാ നാരായണൻ എന്നിവർ ചർച്ചയിൽ സംവദിച്ചു. സൗദ റഹ്മാൻ, സ്മിത വത്സല, ശാന്ത എന്നിവർ കാവ്യാലാപനം നടത്തി. കഥാകൃത്ത് മുഹമ്മദ് കുനിങ്ങാട് മറുപടി പ്രസംഗം നടത്തി. സുദേവൻ പുത്തൻചിറ സ്വാഗതവും തങ്കച്ചൻ പന്തളം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

