മേക്കദാട്ട് പദ്ധതിക്ക് കേന്ദ്രം അനുമതി നൽകണം -ഡി.കെ
text_fieldsബംഗളൂരു: മേക്കദാട്ട് പദ്ധതിക്ക് അനുമതി നൽകണമെന്നും സംസ്ഥാനത്തെ വിവിധ ജലസേചന പദ്ധതികൾക്കായി പ്രഖ്യാപിച്ച ഫണ്ട് അനുവദിക്കണമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചൊവ്വാഴ്ച കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ‘ഇന്ത്യ@2047-ഒരു ജലസുരക്ഷിത രാഷ്ട്രം’ എന്ന പ്രമേയത്തിൽ ഉദയ്പൂരിൽ നടന്ന അഖിലേന്ത്യ സംസ്ഥാന ജലമന്ത്രിമാരുടെ സമ്മേളനം 2025ൽ സംസാരിക്കവെയാണ് ഈ ആവശ്യം ഉന്നയിച്ചതെന്ന് ഉപമുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മേക്കദാട്ട് പദ്ധതിക്ക് മുൻഗണനാക്രമത്തിൽ അനുമതി നൽകാൻ കേന്ദ്ര ജലശക്തി മന്ത്രാലയം കേന്ദ്ര ജല കമീഷനോട് നിർദേശിക്കണമെന്ന് ജലസേചന വകുപ്പ് വഹിക്കുന്ന ശിവകുമാർ പറഞ്ഞു.
ഈ പദ്ധതി കർണാടകക്ക് കാവേരി നദിയിൽനിന്ന് പ്രതിമാസം നിശ്ചിത അളവിൽ തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കാൻ സഹായിക്കും. കൂടാതെ, 400 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനും ബംഗളൂരുവിന്റെ കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റാനും സാധിക്കും. 2023-24 ബജറ്റിൽ അപ്പർ ഭദ്ര പദ്ധതിക്കായി കേന്ദ്രം 5300 കോടി രൂപ ഗ്രാന്റ് പ്രഖ്യാപിച്ചിരുന്നെങ്കിലും തുക ഇതുവരെ അനുവദിച്ചിട്ടില്ല. വരൾച്ച ബാധിച്ച മധ്യ കർണാടക മേഖലയെ ലക്ഷ്യംവെച്ചുള്ള പദ്ധതിക്കായി ഫണ്ട് അനുവദിക്കണം.
2011 സെപ്റ്റംബർ 16ലെ ഉത്തരവിൽ ഭേദഗതി വരുത്താൻ സുപ്രീംകോടതിയെ സമീപിക്കാനും, 2010ൽ പ്രഖ്യാപിച്ച കൃഷ്ണ ജല തർക്ക ട്രൈബ്യൂണലിന്റെ വിധിയുടെ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ജലശക്തി മന്ത്രാലയത്തോട് ശിവകുമാർ അഭ്യർഥിച്ചു. കർണാടകക്ക് അനുവദിച്ച വിഹിതം ഉപയോഗിക്കാൻ ഇതു സഹായിക്കും.
2018 ആഗസ്റ്റിൽ വിധി പ്രഖ്യാപിച്ച മഹാദായി ജല തർക്ക ട്രൈബ്യൂണലുമായി ബന്ധപ്പെട്ട കലാസ നള പദ്ധതിക്ക് ആവശ്യമായ അനുമതികൾ നൽകാൻ ദേശീയ വന്യജീവി ബോർഡിനോട് നിർദേശിക്കാൻ പരിസ്ഥിതി മന്ത്രാലയത്തോട് സമ്മർദം ചെലുത്തണമെന്ന് ജലശക്തി മന്ത്രാലയത്തോട് അഭ്യർഥിച്ചു.
ജലസേചന ഉപയോഗത്തിനായി നദികളുടെ സംയോജന പദ്ധതി പ്രകാരം ഗോദാവരി-കാവേരി ലിങ്ക് പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാനം തിരിച്ചുള്ള വ്യവസ്ഥകൾ പുനഃപരിശോധിക്കണം. ‘തുല്യതയും തുല്യമായ വിഹിതവും’ എന്ന തത്ത്വത്തെ അടിസ്ഥാനമാക്കി കർണാടകക്ക് അതിന്റെ ന്യായമായ വിഹിതം അനുവദിക്കണം. കർണാടകക്ക് നിലവിൽ നിർദേശിക്കപ്പെട്ടിട്ടുള്ള ജലവിഹിതം 15.891 ടി.എം.സി (10.74 ശതമാനം) മാത്രമാണ്.
ലോക ജനസംഖ്യയുടെ 18 ശതമാനം നമ്മുടെ രാജ്യത്താണ്. പക്ഷേ, ലോകത്തിലെ ശുദ്ധജല ശേഖരത്തിന്റെ നാലു ശതമാനം മാത്രമാണ് നമ്മുടെ രാജ്യം. ഈ പൊരുത്തക്കേട് ഭാവിയിൽ കാര്യമായ വെല്ലുവിളികൾ സൃഷ്ടിക്കും. വളരുന്ന നമ്മുടെ നഗരങ്ങളുടെയും കാർഷിക ആവശ്യങ്ങളുടെയും ജല ആവശ്യങ്ങൾ നിറവേറ്റാൻ നാം തയാറായിരിക്കണം. ഇന്ത്യക്ക് നിലവിൽ 253 ബില്യൺ ക്യുബിക് മീറ്റർ ജലസംഭരണ ശേഷിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ശിവകുമാർ, നമ്മുടെ രാജ്യം ശക്തമായ സാമ്പത്തിക വളർച്ച ഉറപ്പാക്കാൻ അതിന്റെ ജലവിഭവ ശേഷി ശക്തിപ്പെടുത്തേണ്ടതുണ്ട് എന്ന് പറഞ്ഞു.
വിവിധ ഉപഭോക്തൃ വിഭാഗങ്ങൾക്കിടയിൽ വെള്ളത്തിനായുള്ള ഗുരുതരമായ മത്സരം നമ്മൾ ഇതിനകം കണ്ടുവരുന്നു. ജലവിഭവ മേഖലയിൽ കർണാടക നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടുണ്ട്. നിയമവിരുദ്ധമായി വെള്ളം ടാപ് ചെയ്യുന്നത് തടയുന്നതിനും കനാലുകളുടെ അറ്റം വരെ വെള്ളം എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി 2024 ആഗസ്റ്റിൽ ഞങ്ങൾ കർണാടക ജലസേചന നിയമം 1965 ഭേദഗതി ചെയ്തു.
ഇറിഗേഷൻ കോടതി സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥകളും ഭേദഗതിയിൽ ഉൾപ്പെടുന്നു. അന്വേഷണങ്ങൾ നടത്തുന്നതിനും നിയമങ്ങൾ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കുന്നതിനും ജലസേചന ഉദ്യോഗസ്ഥർക്ക് സിവിൽ കോടതിപോലുള്ള അധികാരങ്ങൾ ഇതു നൽകുന്നു. മികച്ച നടപ്പാക്കലിനായി പോലീസുമായി ഒരു ടാസ്ക് ഫോഴ്സ് രൂപവത്കരിക്കാനും ഇത് അനുവദിക്കുന്നു. ജലസുരക്ഷ സുഗമമാക്കുന്നതിനും രാജ്യത്തിന്റെ ജലസ്രോതസ്സുകൾ ആരോഗ്യം, ഭക്ഷണം, ഊർജം, പരിസ്ഥിതി, മറ്റു സാമൂഹിക ആവശ്യങ്ങൾ എന്നിവക്കായി പരമാവധി പ്രയോജനപ്പെടുത്തുന്നതിനും നിരവധി നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് ശിവകുമാർ നിർദേശിച്ചു.
ഒന്നാമതായി നിലവിലുള്ള നിയമനിർമാണം ഏകീകരിക്കുകയോ മുഴുവൻ ജലമേഖലയെയും ഉൾക്കൊള്ളുന്ന പുതിയ നിയമനിർമാണം രൂപവത്കരിക്കുകയോ ചെയ്യേണ്ടതുണ്ട്. നിലവിൽ 14 കേന്ദ്ര നിയമങ്ങളും 15 സംസ്ഥാനതല നിയമങ്ങളും ഉൾപ്പെടെ 29 വ്യത്യസ്ത നിയമങ്ങളുണ്ട്. ആവശ്യമായ അധികാരങ്ങൾ, ഉദ്യോഗസ്ഥർ, വിഭവങ്ങൾ എന്നിവയുള്ള പുതിയ ഭരണസംവിധാനങ്ങൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത മന്ത്രി ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

