കനത്ത സുരക്ഷയിൽ മഹിഷ ദസറ ആഘോഷിച്ചു
text_fieldsമൈസൂരുവിൽ നടന്ന മഹിഷ ദസറ ആഘോഷ ചടങ്ങിൽനിന്ന്
ബംഗളൂരു: സംഘ്പരിവാർ ഭീഷണിക്കിടെ കനത്ത സുരക്ഷയിൽ മൈസൂരുവിൽ മഹിഷ ദസറ ആഘോഷിച്ചു. മഹിഷ ദസറ അർച്ചന സമിതിയും വിവിധ ദലിത് സംഘടനകളും ചേർന്ന് മൈസൂരു ടൗൺഹാൾ പരിസരത്ത് സംഘടിപ്പിച്ച ആഘോഷത്തിൽ 7000ത്തിലേറെ പേർ പങ്കെടുത്തു. എന്നാൽ, സുരക്ഷാ കാരണങ്ങളാൽ ആഘോഷത്തോടനുബന്ധിച്ചുള്ള ഘോഷയാത്രക്കും ചാമുണ്ഡി ഹിൽസിലേക്കുള്ള ബൈക്ക് റാലിക്കും പൊലീസ് അനുമതി നൽകിയില്ല. രാവിലെ 10 മുതൽ 12 വരെ മാത്രമാണ് ആഘോഷത്തിന് പൊലീസ് അനുമതി നൽകിയത്. മുൻകരുതലെന്ന നിലയിൽ മൈസൂരു നഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. ആഘോഷത്തിനിടെ പ്രകോപനപരമായ പ്രസ്താവനകളൊന്നും നടത്തരുതെന്നും സംഘാടകർക്ക് പൊലീസ് മുന്നറിയിപ്പ് നൽകി. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ചാമുണ്ഡി ഹിൽസിലേക്കുള്ള പ്രവേശനവും പൊലീസ് തടഞ്ഞു.
ആഘോഷകമ്മിറ്റി അധ്യക്ഷനും മൈസൂരു മുൻ മേയറുമായ പുരുഷോത്തം വെള്ളിയാഴ്ച രാവിലെ 11.30ന് ഡോ. ബി.ആർ. അംബേദ്കറുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തിയതോടെ ചടങ്ങിന് തുടക്കമായി. അടുത്ത വർഷം മഹിഷ ദസറ ബംഗളൂരു നഗരത്തിലും ആഘോഷിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത സാമൂഹിക പ്രവർത്തകൻ ബി.ആർ. ഭാസ്കർ പ്രസാദ് പറഞ്ഞു. മൈസൂരുവിലെ ആഘോഷത്തിന് വൻ ജനപിന്തുണ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം മുഴുവൻ ആഘോഷം വ്യാപിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മൈസൂരുവിൽ നടക്കുന്ന ദസറ ആഘോഷത്തിന്റെ ബദലായാണ് മഹിഷ ദസറ ആഘോഷം അരങ്ങേറിയത്. മഹിഷയെ കുറിച്ച് ജനങ്ങളിൽ തെറ്റായ ധാരണയാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെന്നും മഹിഷ ഒരു ഇതിഹാസ പുരുഷനാണെന്നുമാണ് മഹിഷ ദസറ ആഘോഷ സമിതിയുടെ വാദം. ചാമുണ്ഡി ഹിൽസിനെ മഹിഷ പ്രതിമയിൽ ഹാരാർപ്പണവും പ്രാർഥനയും നടത്താൻ വെള്ളിയാഴ്ച ചാമുണ്ഡി ഹിൽസിലേക്ക് ബൈക്ക് റാലി നടത്താനായിരുന്നു ആഘോഷ കമ്മിറ്റിയുടെ തീരുമാനം. എന്നാൽ, മഹിഷ ദസറക്കെതിരെ ബി.ജെ.പി അടക്കമുള്ള സംഘ്പരിവാർ സംഘടനകൾ രംഗത്തുവരുകയും ആഘോഷം തടയാൻ ചാമുണ്ഡി ചലോ റാലിക്ക് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ പൊലീസ് ഇരുപരിപാടികൾക്കും ആദ്യം അനുമതി നിഷേധിച്ചു. പിന്നീട് ഉപാധികളോടെ മഹിഷ ദസറക്ക് അനുമതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

