മഹിഷ ദസറ 13ന്; പ്രതിഷേധത്തിനിടയിലും ഒരുക്കം സജീവം
text_fieldsചാമുണ്ഡി ഹിൽസിലെ മഹിഷ പ്രതിമ
ബംഗളൂരു: സംഘ്പരിവാർ സംഘടനകളുടെ പ്രതിഷേധം നിലനിൽക്കെ, മഹിഷ ദസറ ആഘോഷിക്കാനുള്ള തീരുമാനവുമായി മഹിഷ ദസറ ആഘോഷ കമ്മിറ്റിയും മൈസൂർ യൂനിവേഴ്സിറ്റി റിസർച്ച് സ്കോളേഴ്സ് അസോസിയേഷനും മുന്നോട്ട്. ഒക്ടോബർ 13ന് മൈസൂരു ചാമുണ്ഡി ഹിൽസിൽ മഹിഷ ദസറ ആഘോഷിക്കും. പരിപാടിയുടെ ക്ഷണക്കത്തിൽ ചാമുണ്ഡി ഹിൽസിനെ മഹിഷ ഹിൽസ് എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.
മഹിഷ പ്രതിമയിൽ ഹാരാർപ്പണവും പ്രാർഥനയും നടത്താൻ 13ന് ചാമുണ്ഡി ഹിൽസിലേക്ക് ബൈക്ക് റാലി സംഘടിപ്പിക്കും. ആഘോഷ ചടങ്ങുകൾക്ക് മൈസൂരു മുൻ മേയർ പുരുഷോത്തം നേതൃത്വം നൽകും. മുൻ മന്ത്രി ബി.ടി. ലളിത നായ്ക്ക് ഉദ്ഘാടനം ചെയ്യും. സാംസ്കാരിക പരിപാടികളും നിശ്ചലദൃശ്യങ്ങളും റാലിയുടെ ഭാഗമായി അരങ്ങേറും. തുടർന്ന് മൈസൂരു ടൗൺഹാളിൽ നടക്കുന്ന പരിപാടിയിൽ ആയിരക്കണക്കിന് പേർ പങ്കെടുക്കും.
മൈസൂരുവിൽ നടക്കുന്ന ദസറ ആഘോഷത്തിന്റെ ബദലായാണ് മഹിഷ ദസറ ആഘോഷം അരങ്ങേറുന്നത്. മഹിഷയെ കുറിച്ച് ജനങ്ങളുടെ മനസ്സിൽ തെറ്റായ രീതിയിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെന്നും മഹിഷ ഒരു ഇതിഹാസ പുരുഷനാണെന്നും മഹിഷ ദസറ ആഘോഷ സമിതി ചൂണ്ടിക്കാട്ടുന്നു. മൈസൂരു നഗരത്തിന്റെ പേര് അതിൽനിന്നാണ് ഉരുത്തിരിഞ്ഞത്. മഹിഷ ഊരു എന്നതാണ് മൈസൂരു എന്നായത്. മഹിഷയെ കുറിച്ച് കുടുതൽ പഠനവും ഗവേഷണവും നടത്താൻ സർക്കാർ മഹിഷ അതോറിറ്റി രൂപവത്കരിക്കണമെന്നും സമിതി ആവശ്യമുന്നയിച്ചിരുന്നു.
മഹിഷ ഒരു രാക്ഷസനാണെന്നാണ് പുരാണ സങ്കൽപം. വിജയദശമി ദിനത്തിൽ ചാമുണ്ഡേശ്വരി ദേവി മഹിഷയെ ചാമുണ്ഡി കുന്നിൽവെച്ച് കൊലപ്പെടുത്തിയെന്നാണ് മൈസൂരു ദസറയുടെ ഐതിഹ്യം. എന്നാൽ, ചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ച് മഹിഷയെ രാക്ഷസനായി അവതരിപ്പിക്കുകയാണെന്ന് മഹിഷ ദസറ അർച്ചന സമിതി ചൂണ്ടിക്കാട്ടുന്നു. മഹിഷ യഥാർഥത്തിൽ ബുദ്ധ ഭരണാധികാരിയായിരുന്നെന്നും ഉന്നത ജാതിക്കാരായ ആര്യന്മാർ അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നെന്നുമാണ് അവരുടെ വാദം. മഹിഷയെ കുറിച്ച് വർഷങ്ങളായി നുണ പ്രചരിപ്പിക്കപ്പെടുകയാണെന്ന് എഴുത്തുകാരൻ പ്രഫ. കെ.എസ്. ഭഗവാൻ പറഞ്ഞു.
മഹിഷ ദസറ ആഘോഷത്തെ ബി.ജെ.പി അടക്കമുള്ള സംഘ്പരിവാർ സംഘടനകൾ എതിർക്കുന്നുണ്ട്. മഹിഷ ദസറ അടഞ്ഞ അധ്യായമാണെന്ന് മൈസൂരു-കുടക് എം.പി പ്രതാപ് സിംഹ മുന്നറിയിപ്പ് നൽകിയിരുന്നു. മഹിഷ ദസറയെ എതിർക്കാൻ ഒക്ടോബർ 13ന് ചാമുണ്ഡി ചലോ റാലിക്ക് പ്രതാപ് സിംഹ ആഹ്വാനം ചെയ്തു. എന്നാൽ, ആഘോഷത്തിന് തങ്ങൾക്ക് ആരുടെയും അനുവാദം ആവശ്യമില്ലെന്ന് മഹിഷ ദസറ സമിതി പ്രതികരിച്ചു.
ഭരണഘടനക്ക് കീഴിൽ എല്ലാവർക്കും അതത് ആഘോഷങ്ങൾ നടത്താനുള്ള സ്വാതന്ത്ര്യമുണ്ട്. ജില്ല ഭരണകൂടത്തിനും മൈസൂരു സിറ്റി പൊലീസ് കമീഷണർക്കും മൈസൂരു കോർപറേഷനും ചടങ്ങിന് അനുമതി തേടി കത്ത് നൽകിയിട്ടുണ്ടെന്ന് സമിതി പ്രസിഡന്റും മുൻ മേയറുമായ പുരുഷോത്തം പറഞ്ഞു. മഹിഷ ദസറയെ എതിർക്കില്ലെന്ന് സാമൂഹിക ക്ഷേമ മന്ത്രിയും മൈസൂരു ജില്ല ചുമതലയുള്ള മന്ത്രിയുമായ എച്ച്.സി. മഹാദേവപ്പ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

