മഹാരാജ ട്രോഫി ട്വന്റി20 സീസണിന് ഇന്ന് തുടക്കം
text_fieldsബംഗളൂരു: കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മഹാരാജ ട്രോഫി ട്വന്റി 20യുടെ മൂന്നാമത് സീസണിന് വ്യാഴാഴ്ച തുടക്കം. വൈകീട്ട് മൂന്നിന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മലയാളി താരം ദേവദത്ത് പടിക്കൽ നയിക്കുന്ന ഗുൽബർഗ മിസ്റ്റിക്സ്, മായങ്ക് അഗർവാൾ നയിക്കുന്ന ബംഗളൂരു ബ്ലാസ്റ്റേഴ്സിനെ നേരിടും. രാത്രി ഏഴിന് നടക്കുന്ന രണ്ടാം മത്സരത്തിൽ മലയാളി താരം കരുൺ നായർ നയിക്കുന്ന മൈസൂർ വാരിയേഴ്സ്, നിഹാൽ ഉള്ളാൾ നയിക്കുന്ന ശിവമൊഗ്ഗ ലയൺസിനെയും നേരിടും. മൈസൂരു വാരിയേഴ്സ് ടീമിന്റെ ജഴ്സി പ്രകാശനവും ടീം പ്രഖ്യാപനവും ബംഗളൂരുവിൽ നടന്നു. ക്യാപ്റ്റൻ കരുൺ നായർ, ടീം ഉടമ അർജുൻ രംഗ, ടീമംഗങ്ങൾ എന്നിവർ പങ്കെടുത്തു.
മുൻ സീസണുകളിൽനിന്ന് വ്യത്യസ്തമായി എല്ലാ മത്സരങ്ങളും ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും. ആഗസ്റ്റ് 29 വരെ ലീഗ് മത്സരങ്ങൾ അരങ്ങേറും. 30, 31 തീയതികളിൽ സെമിഫൈനലുകളും സെപ്റ്റംബർ ഒന്നിന് ഫൈനലും നടക്കും. മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് ഫാൻകോഡിൽ ലഭിക്കും.

