36.56 ലക്ഷം വിദ്യാര്‍ഥികൾക്ക് സൗജന്യ ഷൂസ്, സോക്സ്, ചെരുപ്പുകൾ വിതരണം ചെയ്യും -മധു ബംഗാരപ്പ
text_fieldsമധു ബംഗാരപ്പ
ബംഗളൂരു: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഏകദേശം 36.56 ലക്ഷം വിദ്യാര്‍ഥികൾക്ക് സൗജന്യ ഷൂസ്, സോക്സ്, ചെരുപ്പുകൾ എന്നിവയുടെ വിതരണം ആഗസ്റ്റ് അവസാനത്തോടെ പൂർത്തിയാകുമെന്ന് സ്കൂൾ വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ . നിയമസഭയിലെ ചോദ്യോത്തര വേളയിൽ കോൺഗ്രസ് അംഗം ബൽകീസ് ബാനു ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം പറഞ്ഞത്.
പദ്ധതി പ്രകാരം മൊത്തം 36,61,267 സെറ്റുകൾ ഓർഡർ ചെയ്തു. 21,92,529 സെറ്റുകൾ ഇതിനകം സ്കൂളുകളിൽ വിതരണം ചെയ്തു. 12,59,298 സെറ്റുകൾ താലൂക്കുകളിലേക്ക് കൈമാറി. 2,09,440 സെറ്റുകൾ നിര്‍മ്മാണത്തിലാണ്. കനത്ത മഴ അനുഭവപ്പെടുന്ന പ്രദേശങ്ങളിലെ വിദ്യാര്‍ഥികൾക്ക് ഷൂസിനു പകരം ഗുണനിലവാരമുള്ള വെൽക്രോ ചെരുപ്പുകൾ നൽകും. എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാര്‍ഥികൾ പദ്ധതിയുടെ കീഴില്‍ വരില്ല. വിദ്യാര്‍ഥികൾക്ക് വിതരണം ചെയ്യുന്ന പാദരക്ഷകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഫുട്വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, എൻ.ഐ.ടി.കെ സൂറത്ത്കൽ, ലിഡ്കാർ എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു സാങ്കേതിക സമിതി ഇതിനായി രൂപവത്കരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ചെരിപ്പുകള്‍ കൈമാറുന്നതിന് മുമ്പുള്ള പരിശോധനകൾ നടത്തിവരികയാണ്. വിതരണക്കാർ 60 ദിവസത്തിനുള്ളിൽ ഡെലിവറി പൂർത്തിയാക്കും.
അളവുകളില്‍ വ്യത്യാസം വന്ന പാദരക്ഷകൾ 15 ദിവസത്തിനുള്ളിൽ വിതരണക്കാരൻ സൗജന്യമായി മാറ്റി നൽകണം. വിതരണ പ്രക്രിയ വേഗത്തിലാക്കുന്നതിനായി ജില്ലാ, താലൂക്ക്, സ്കൂൾ തല മോണിറ്ററിങ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. യോഗ്യതയുള്ള എല്ലാ വിദ്യാര്‍ഥികൾക്കും ആഗസ്റ്റ് അവസാനത്തോടെ ഷൂസ് ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

