മദ്ദൂർ സംഘർഷം; ആരോപണ പ്രത്യാരോപണവുമായി ഭരണ-പ്രതിപക്ഷം
text_fieldsമദ്ദൂരിൽ ബുധനാഴ്ച ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽനിന്ന്
ബംഗളൂരു: മാണ്ഡ്യയിലെ മദ്ദൂരിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെയുണ്ടായ വർഗീയ സംഘർഷത്തിൽ ആരോപണ പ്രത്യാരോപണങ്ങളുമായി ഭരണ- പ്രതിപക്ഷ പാർട്ടികൾ. മദ്ദൂർ സംഘർഷം ബി.ജെ.പിയുടെ രാഷ്ട്രീയക്കളിയാണെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ ആരോപിച്ചു. ഇത്തരം വർഗീയ പ്രവർത്തനങ്ങളിലേർപ്പെടുന്നതിന് പകരം, സംസ്ഥാനത്തിന് അവകാശപ്പെട്ട കേന്ദ്ര ഫണ്ട് വാങ്ങിയെടുക്കാനാണ് ബി.ജെ.പി നേതാക്കൾ ശ്രമിക്കേണ്ടതെന്ന് ശിവകുമാർ പറഞ്ഞു.
നിയമസഭ പ്രതിപക്ഷ നേതാവ് ആർ. അശോക, നിയമ നിർമാണ കൗൺസിൽ പ്രതിപക്ഷ നേതാവ് ചളവടി നാരായണ സ്വാമി, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര എന്നിവർ മദ്ദൂരിൽ സന്ദർശനം നടത്തുന്നതിനെ കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ജനങ്ങളെ ഭിന്നിപ്പിച്ച് തീ ആളിക്കത്തിച്ച് രാഷ്ട്രീയക്കളി നടത്തുകയല്ലാതെ മറ്റൊരു പണിയും ബി.ജെ.പിക്കില്ല. അവർ ഡൽഹിയിൽ പോയി സംസ്ഥാനത്തിനുള്ള ഫണ്ട് കൊണ്ടുവരാൻ ശ്രമിക്കട്ടെ. സംസ്ഥാനത്തിന്റെ നികുതിവിഹിതം കൊണ്ടുവരുകയും മേക്കദാട്ടു, മഹാദായി നദീ ജല പദ്ധതികൾക്ക് അനുമതി കൊണ്ടുവരുകയും ചെയ്യട്ടെ -ശിവകുമാർ പറഞ്ഞു.
മദ്ദൂർ സംഭവം നടക്കുമ്പോൾ താൻ സ്ഥലത്തില്ലായിരുന്നെന്നും സംഭവത്തെ കുറിച്ച് മുഴുവൻ അറിയില്ലെന്നും അറിയിച്ച ശിവകുമാർ, കൃത്യമായ വിവരമില്ലാതെ ഇപ്പോൾ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ലന്നും വിവരം ലഭിച്ചശേഷം കൂടുതൽ പ്രതികരിക്കാമെന്നും പറഞ്ഞു. ഞായറാഴ്ച നടന്ന സംഭവത്തിൽ ഇതുവരെ 22 പേർ അറസ്റ്റിലായിട്ടുണ്ട്. മദ്ദൂർ വിഷയത്തിൽ ക്രമസമാധാന പാലനം കൃത്യമായി നടന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ആരോപിച്ചു.
ശാന്തമായ ഗണേശ യാത്രക്കുനേരെയാണ് അക്രമമുണ്ടായത്. സംഭവം നിയന്ത്രിക്കുന്നതിൽ സംസ്ഥാന പൊലീസ് പരാജയപ്പെട്ടെന്നും വിജയേന്ദ്ര കുറ്റപ്പെടുത്തി. മദ്ദൂരിൽ ശക്തിപ്രകടനമായി ബി.ജെ.പി സംഘടിപ്പിച്ച റാലിക്ക് വിജയേന്ദ്ര നേതൃത്വം നൽകി. സംഘർഷത്തിന് കാരണക്കാരായ ‘ദേശദ്രോഹികൾ’ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ഹിന്ദു പ്രവർത്തകർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

