ലുലുമാൾ പതാക വിവാദം; വ്യാജവിവരം പ്രചരിപ്പിച്ച ബി.ജെ.പി പ്രവർത്തകക്കെതിരെ കേസ്
text_fieldsശകുന്തള നടരാജ്
ബംഗളൂരു: കൊച്ചി ലുലുമാളിൽ ലോകകപ്പ് ക്രിക്കറ്റിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ പതാക പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട് വ്യാജവിവരം സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച ബി.ജെ.പി പ്രവർത്തകക്കെതിരെ കർണാടക പൊലീസ് കേസെടുത്തു. തുമകുരു സ്വദേശി എ. ശകുന്തള നടരാജിനെതിരെയാണ് ജയനഗര പൊലീസ് കേസെടുത്തത്.
ലുലു മാളിൽ പാകിസ്താൻ പതാക ഇന്ത്യൻ പതാകയെക്കാളും വലുതായി പ്രദർശിപ്പിച്ചതായി ആരോപണമുയർത്തിയ ശകുന്തള, ബംഗളൂരുവിലെ ലുലു മാൾ ബഹിഷ്കരിക്കാനും ആഹ്വാനംചെയ്തു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും പോസ്റ്റിൽ ടാഗ് ചെയ്തു. എന്നാൽ, ലോകകപ്പ് ക്രിക്കറ്റിൽ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളുടെയും പതാകകൾ ഒരേ വലുപ്പത്തിലാണ് മാളിൽ പ്രദർശിപ്പിച്ചതെന്നും പ്രചാരണം വ്യാജമാണെന്നും കണ്ടെത്തിയിരുന്നു.
ഇരുസമുദായങ്ങൾക്കിടയിൽ സ്പർധ വളർത്താൻ ശ്രമിച്ചതിന് ഇന്ത്യൻ ശിക്ഷാനിയമം 153 ബി വകുപ്പ് ചേർത്താണ് ശകുന്തളക്കെതിരെ കേസെടുത്തത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കുടുംബത്തിനെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റിട്ടതിന്റെ പേരിൽ കഴിഞ്ഞ ജൂലൈയിൽ ശകുന്തള അറസ്റ്റിലായിരുന്നു.
സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങൾക്കും വ്യാജവാർത്തകൾക്കുമെതിരെ കർണാടകയിലെ കോൺഗ്രസ് സർക്കാർ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്. ഇത്തരം പോസ്റ്റുകൾ കണ്ടെത്താൻ വസ്തുതാപരിശോധന യൂനിറ്റ് രൂപവത്കരിക്കാനുള്ള നീക്കത്തിലാണ് കർണാടകസർക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

