എൽ.പി.ജി. പ്രതിസന്ധി; കൂടുതൽ ഹോട്ടലുകൾ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
text_fieldsബംഗളൂരു: എൽ.പി.ജി. പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ബംഗളൂരുവിലെ റസ്റ്റാറന്‍റുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. നഗരത്തിലുടനീളമുള്ള ഹോട്ടലുകള്‍ ഭൂരിഭാഗവും പ്രവർത്തനം നിർത്തിയതായും പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത് ചെറുകിട ഹോട്ടല്‍ വ്യവസായത്തെയാണെന്നും സ്വാതി ഗ്രൂപ് ഡയറക്ടറും കർണാടക സ്റ്റേറ്റ് ഹോട്ടൽസ് അസോസിയേഷൻ വൈസ് പ്രസിഡന്‍റുമായ മധുകർ എം. ഷെട്ടി പറഞ്ഞു.
ചെറുകിട ഹോട്ടലുകൾ സാധാരണയായി സ്റ്റോക്ക് സൂക്ഷിക്കാറില്ല. അവർ രണ്ട് ദിവസത്തേക്ക് ഒരു വാണിജ്യ സിലിണ്ടർ ഉപയോഗിക്കുകയും അത് ഉപയോഗിച്ച ശേഷം ബുക്ക് ചെയ്യുകയുമാണ് പതിവ്. ഇപ്പോള്‍ ബുക്ക് ചെയ്യാന്‍ സാധിക്കാത്ത സ്ഥിതി വിശേഷമാണ്. കാരണം വിതരണക്കാർ ബൾക്ക് ഓർഡറുകൾക്ക് മുൻഗണന നൽകുന്നു. ഇന്ധന പ്രതിസന്ധി കാരണം റസ്റ്റാറന്‍റ് ഉടമകള്‍ക്ക് പ്രതിദിനം 10,000 മുതൽ 50,000 രൂപ വരെ നഷ്ടമാണ് സംഭവിക്കുന്നത്. മെജസ്റ്റിക്, മഡിവാള പോലുള്ള പ്രദേശങ്ങളില്‍ മിക്ക ഹോട്ടലുകളും പൂട്ടിയ നിലയിലാണ്. ബാംഗ്ലൂർ തിൻഡീസ് പോലുള്ള ചില ഭക്ഷണശാലകൾ ചായയും കാപ്പിയും മാത്രമായി വിതരണം പരിമിതപ്പെടുത്തി.
ഹോട്ടലുകളെ സഹായിക്കാന്‍ പദ്ധതിയിടുന്നുവെന്നും ഗ്യാസ് സിലിണ്ടറുകള്‍ വൈകാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതയും ബൃഹദ് ബാംഗ്ലൂർ ഹോട്ടൽസ് അസോസിയേഷൻ പ്രസിഡന്‍റ് പി.സി. റാവു പറഞ്ഞു. പ്രതിസന്ധി മറി കടക്കാന്‍ റസ്റ്റാറന്‍റുകള്‍ പാചകത്തിനായി എയര്‍ ഫ്രയര്‍ പോലുള്ള നൂതന മാര്‍ഗങ്ങള്‍ അവലംബിക്കുകയാണ്. ഇതുവരെ നഗരത്തിലെ കുറഞ്ഞത് 100 റസ്റ്റാറന്‍റ്കളിലെങ്കിലും എൽ.പി.ജി. സിലിണ്ടറുകൾ തീർന്നതായി നാഷനൽ റസ്റ്റാറന്‍റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ബംഗളൂരു ചാപ്റ്റർ മേധാവി അനന്ത് നാരായൺ പറഞ്ഞു.
സ്വിഗ്ഗി, സൊമാറ്റോ പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ഓൺലൈൻ ഓർഡറുകൾ എടുക്കുന്നത് ആദ്യം നിർത്തിയെന്നും ഇപ്പോള്‍ റസ്റ്റാറന്‍റുകളും ഓൺലൈൻ ഓർഡറുകൾ സ്വീകരിക്കുന്നത് നിർത്തിയെന്നും അദ്ദേഹം പറഞ്ഞു. ക്ഷാമം രൂക്ഷമായതോടെ സാധനങ്ങളുടെ വിലയും വര്‍ധിച്ചു. ചായ, കാപ്പി, ചിക്കന്‍ വിഭവങ്ങള്‍ എന്നിവയുടെ വിലയില്‍ മാറ്റമില്ലെങ്കിലും ദോശയുടെ വില അഞ്ചു രൂപയോളം വര്‍ധിച്ചതായി ഐ.ടി. ഉദ്യോഗസ്ഥന്‍ അഭിനവ് പറഞ്ഞു. ഇന്‍ഡക്ഷന്‍ സ്റ്റൗവിന് ആവശ്യക്കാര്‍ ഏറെയായതിനാല്‍ ഓണ്‍ ലൈന്‍ വിപണികളില്‍ ഇവ ലഭ്യമല്ലാതായി. ക്ഷാമം മുന്‍ നിര്‍ത്തി വാങ്ങി വെച്ച സിലിണ്ടറുകള്‍ ഉപയോഗിച്ചാണ് നിലവിലെ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്നത്.
മലയാളി ഹോട്ടലുടമകളുടെ സംഘടന ബാംഗളൂരുവില്‍ ഇല്ലെന്നും മലയാളി ഹോട്ടല്‍ ഉടമ ഷിനോജ് പറഞ്ഞു. കര്‍ണാടക ഹോട്ടലുടമകളുടെ സംഘടന ഹോട്ടല്‍ അടച്ചു പൂട്ടാനുള്ള നിര്‍ദേശമാണ് നല്‍കിയത്. ചില ഹോട്ടലുകള്‍ വിറകടുപ്പുകളിലേക്ക് നീങ്ങുന്നുവെങ്കിലും എല്ലാ ഹോട്ടലുകള്‍ക്കും ഈ രീതി അവലംബിക്കുക പ്രയോഗികമല്ല. കറന്‍റ് അടുപ്പുകള്‍ക്ക് ഏകദേശം ഒരു ലക്ഷത്തോളം വില വരുന്നതിനാല്‍ അവയും പ്രയോഗികമല്ല. നഗരത്തിലെ ഹോട്ടലുകള്‍ മിക്കതും അടച്ചു പൂട്ടിയതിനാല്‍ തിരക്ക് വര്‍ധിക്കുകയാണ് ചെയ്തത്. പക്ഷേ കേരള വിഭവങ്ങള്‍ മാത്രമായി ഭക്ഷണവിതരണം ഒതുക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

