കൈക്കൂലി നൽകാത്ത ഫയലുകൾ കെട്ടിക്കിടക്കുന്നു; ഉഡുപ്പി നഗരസഭ കാര്യാലയത്തിൽ ലോകായുക്ത റെയ്ഡ്
text_fieldsഉഡുപ്പി നഗരസഭ കാര്യാലയത്തിൽ നടന്ന റെയ്ഡ്
മംഗളൂരു: കൈക്കൂലി നൽകുകയോ ശിപാർശയോ ഇല്ലാത്ത പൊതു അപേക്ഷകൾ വളരെക്കാലമായി തീർപ്പാക്കാതെ കെട്ടിക്കിടക്കുകയാണെന്ന പരാതിയെത്തുടർന്ന് വ്യാഴാഴ്ച കർണാടക ലോകായുക്ത പൊലീസ് ഉഡുപ്പി നഗരസഭ കാര്യാലയത്തിൽ അപ്രതീക്ഷിത പരിശോധന നടത്തി.
ഉഡുപ്പി ലോകായുക്ത ഇൻസ്പെക്ടർ മഞ്ജുനാഥും ഉദ്യോഗസ്ഥരുടെ സംഘവും ചേർന്നാണ് പെട്ടെന്നുള്ള ഓപറേഷന് നേതൃത്വം നൽകിയത്. ചില വകുപ്പുകളിൽ സമർപ്പിക്കുന്ന അപേക്ഷകൾ ദീർഘകാലത്തേക്ക് സാധുവായ കാരണമില്ലാതെ ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നതായി ആരോപിച്ച് പൊതുജനങ്ങളിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഈ പരാതികളിൽ നടപടിയെടുത്ത ലോകായുക്ത ഉദ്യോഗസ്ഥർ ഫയൽ മാനേജ്‌മെന്റ് സംവിധാനങ്ങൾ പരിശോധിക്കുകയും പൊതു സേവനങ്ങളുടെ നടത്തിപ്പ് അവലോകനം ചെയ്യുകയും അപേക്ഷകൾ പ്രോസസ് ചെയ്യുന്നതിലെ കാലതാമസം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. രേഖകളുടെ പരിശോധന രാവിലെ മുതൽ രാത്രി വരെ തുടർന്നു.
ലോകായുക്ത വിശദമായ റിപ്പോർട്ട് സമർപ്പിച്ചതിനുശേഷം മാത്രമേ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം, കാലതാമസത്തിന് ഉത്തരവാദികളായ വകുപ്പുകൾ, ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവരൂ എന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

