അഴിമതി പരാതികൾ വ്യാപകം; ഭൂരേഖ ഓഫിസുകളിൽ ലോകായുക്ത റെയ്ഡ്
text_fieldsലോകായുക്ത ഉദ്യോഗസ്ഥർ യെലഹങ്കയിലെ എ.ഡി.എൽ.ആർ ഓഫിസിൽ പരിശോധന
നടത്തുന്നു
ബംഗളൂരു: അഴിമതി, കൈക്കൂലി എന്നിവ സംബന്ധിച്ച് വ്യാപക പരാതികൾ ഉയരുന്ന സാഹചര്യത്തിൽ നഗരത്തിലെ ഭൂരേഖ ഓഫിസുകളിൽ ലോകായുക്ത ഉദ്യോഗസ്ഥർ പരിശോധന നടത്തി. ബംഗളൂരു റൂറൽ, അർബൻ ജില്ലകളിലെ 11 ലാൻഡ് റെക്കോഡ്സ് അസിസ്റ്റന്റ് ഡയറക്ടർമാരുടെ (എ.ഡി.എൽ.ആർ) ഓഫിസുകളിലായിരുന്നു റെയ്ഡ്. എ.ഡി.എൽ.ആർ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി സംബന്ധിച്ച് വ്യാപകമായ പരാതികൾ വന്നതിന്റെ അടിസ്ഥാനത്തിൽ ലോകായുക്ത ജസ്റ്റിസ് ബി.എസ്. പാട്ടീലിെന്റ നേതൃത്വത്തിലായിരുന്നു പരിശോധന.
ദൊഡ്ഡബെല്ലാപുര താലൂക്ക് ഓഫിസ്, ദൊഡ്ഡബെല്ലാപുര റോഡിലെ ചപ്രകല്ല്, ദേവനഹള്ളി താലൂക്ക് മിനി വിധാൻ സൗധയിലെ ഓഫിസ്, ആനേക്കൽ താലൂക്ക് ഓഫിസ്, കെ.ആർ പുരം താലൂക്ക് ഓഫിസ്, നോർത്ത് കാന്തയ്യ ഭവൻ, അർബൻ കാന്തയ്യ ഭവൻ, നെലമംഗല താലൂക്ക് ഓഫിസ്, ഹൊസകോട്ടെ താലൂക്ക് ഓഫിസ്, സൗത്ത് കാന്തയ്യ ഭവൻ, മിനിവിധാൻ സൗധയിലെ യെലഹങ്ക താലൂക്ക് ഓഫിസ് എന്നീ എ.ഡി.എൽ.ആർ ഓഫിസുകളിലായിരുന്നു പരിശോധന.
ജസ്റ്റിസ് പാട്ടീലാണ് യെലഹങ്ക ഓഫിസിലെ പരിശോധനക്ക് നേതൃത്വം നൽകിയത്. ഇവിടെ നിന്ന് 50,000 രൂപയും നിരവധി രേഖകളും കണ്ടെടുത്തു. എ.ഡി.എൽ.ആർ ഓഫിസർ നരസിംഹ മൂർത്തി ഓഫിസ് രേഖകൾ ലോകായുക്തക്ക് കാണിച്ചുകൊടുത്തു.
ലോകായുക്ത എത്തുമ്പോൾ നരസിംഹ മൂർത്തി ഓഫിസിൽ ഉണ്ടായിരുന്നില്ലെന്നും ഓഫിസ് രേഖകൾ കൃത്യമല്ലെന്നും ലോകായുക്ത പറഞ്ഞു. ഓഫിസുകളിൽ ജനങ്ങളുടെ വിവിധ അപേക്ഷകൾ കാരണങ്ങളില്ലാതെ നിരസിക്കുന്നത് വ്യാപകമാണെന്നും കൈക്കൂലിയും അഴിമതിയും സംബന്ധിച്ച പരാതികൾ നിരവധിയാണെന്നും ലോകായുക്ത ജസ്റ്റിസ് ബി.എസ്. പാട്ടീൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

