കർണാടകയിൽ 32 സ്ഥലങ്ങളിൽ ലോകായുക്ത റെയ്ഡ്
text_fieldsബംഗളൂരു: ബംഗളൂരുവിലും കർണാടകയുടെ മറ്റ് ഭാഗങ്ങളിലും വ്യാഴാഴ്ച ഏഴ് സർക്കാർ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ലോകായുക്ത ഉദ്യോഗസ്ഥർ 32 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി.ഉദ്യോഗസ്ഥർ വരുമാന സ്രോതസ്സുകൾക്ക് അനുസൃതമല്ലാത്ത സ്വത്തുക്കൾ സമ്പാദിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡുകൾ നടന്നത്.
ബംഗളൂരുവിൽ 12 , തുമകുരുവിൽ ഏഴ്,യാദ്ഗിറിൽ അഞ്ച്, മംഗളൂരുവിൽ നാല് ,വിജയപുര ജില്ലയിൽ നാല് എന്നിങ്ങനെ സ്ഥലങ്ങളിലാണ് റെയ്ഡുകൾ .
തുമകുരുവിലെ നിർമിതി സെന്ററിലെ പ്രോജക്ട് ഡയറക്ടർ, മംഗളൂരുവിലെ സർവേ സൂപ്പർവൈസർ, ഡോ. ബി.ആർ. അംബേദ്കർ വികസന കോർപ്പറേഷനിൽ ജോലി ചെയ്യുന്ന മുതിർന്ന വനിതാ ഉദ്യോഗസ്ഥ എന്നിവരുടെ വസതിയും ഓഫീസുകളും റെയ്ഡ് നടന്ന സ്ഥലങ്ങളിൽ ഉൾപ്പെടുന്നു.ബംഗളൂരു സിറ്റി ആൻഡ് റൂറൽ പ്ലാനിംഗ് ഡയറക്ടറേറ്റിലെ അഡീഷണൽ ഡയറക്ടർ, ലീഗൽ മെട്രോളജിയിൽ ജോലി ചെയ്യുന്ന ഇൻസ്പെക്ടർ, ഹൊസക്കോട്ടെ താലൂക്ക് ഓഫീസിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റ്, യാദ്ഗിർ താലൂക്ക് ഓഫീസിലെ ഒരു സ്റ്റാഫ് അംഗം എന്നിവരുടെ വസതികളും റെയ്ഡ് ചെയ്തു.
കലബുറുഗി നഗരത്തിലെ അക്കമഹാദേവി ലേഔട്ട് പ്രദേശത്തുള്ള യാദ്ഗിർ ജില്ലയിലെ തഹസിൽദാറുടെ വസതിയിലും സ്വത്തുക്കളിലും ഉദ്യോഗസ്ഥരുടെ ബന്ധുക്കളുടെ വീടുകളിലും പരിശോധന നടത്തി.കണ്ടെത്തിയ അനധികൃത സ്വത്തുക്കൾ സംബന്ധിച്ച് വിവരങ്ങൾ ക്രോഡീകരിക്കുകയാണെന്ന് ലോകായുക്ത അധികൃതർ അറിയിച്ചു.
ജനുവരി 31 ന് സംസ്ഥാനത്തെ നാല് ജില്ലകളിലായി ഏഴ് സ്ഥലങ്ങളിൽ ലോകായുക്ത ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു .അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന സംശയത്തെ തുടർന്ന് സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളിലും സ്വത്തുക്കളിലും റെയ്ഡ് നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

