കൈക്കൂലി വാങ്ങുന്നതിനിടെ മൂന്ന് ഭൂരേഖ ഉദ്യോഗസ്ഥർ അറസ്റ്റിൽ
text_fieldsകൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായവർ
മംഗളൂരു: ഉള്ളാളിലെയും മംഗളൂരു താലൂക്കിലെയും ഭൂരേഖകളുടെ അസിസ്റ്റന്റ് ഡയറക്ടർ ഓഫിസുകളിലെ മൂന്ന് ഉദ്യോഗസ്ഥരെ ലോകായുക്ത പൊലീസ് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്തു. ഔട്ട്സോഴ്സ് ചെയ്ത ജീവനക്കാരനിൽനിന്ന് 30,000 രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് ഇവർ പിടിയിലായത്.
കർണാടക ലോകായുക്ത മംഗളൂരു ഡിവിഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത് ഇങ്ങനെ: മംഗളൂരു യു.പി.ഒ.ആർ ഓഫിസിലെ ഔട്ട്സോഴ്സ് ജീവനക്കാരൻ നൽകിയ പരാതിയിൽ അന്വേഷണം നടത്തിവരവെയാണ് അറസ്റ്റ് ചെയ്തത്.
അദ്ദേഹത്തിന്റെ ശമ്പള ബിൽ തയാറാക്കുന്നതിനും ഔട്ട്സോഴ്സ് അടിസ്ഥാനത്തിൽ സേവനത്തിൽ തുടരാൻ അനുമതി നൽകുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നതിനും ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടു. ഉള്ളാൾ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ലാൻഡ് റെക്കോഡ്സ് ഓഫിസിലെ സർവേയറായ കൃഷ്ണമൂർത്തി ആദ്യം 50,000 രൂപയാണ് ആവശ്യപ്പെട്ടത്. മംഗളൂരു താലൂക്കിലെ ലാൻഡ് റെക്കോഡ്സ് അസിസ്റ്റന്റ് ഡയറക്ടർ ബി.കെ. രാജു 10,000 രൂപയും അതേ ഓഫിസിലെ സർവേ സൂപ്പർവൈസർ എസ്. ധനശേഖര്‍ 10,000 രൂപയും ആവശ്യപ്പെട്ടു.
പരാതിക്കാരനിൽനിന്ന് 20,000 രൂപ വാങ്ങുന്നതിനിടെ കൃഷ്ണമൂർത്തി പിടിയിലായി. ബി.കെ. രാജുവും എസ്. ധനശേഖറും 5,000 രൂപ വീതം വാങ്ങുന്നതിനിടെയാണ് കുടുങ്ങിയത്. കർണാടക ലോകായുക്ത മംഗളൂരു ഡിവിഷനിലെ പൊലീസ് സൂപ്രണ്ട് (ഇൻ-ചാർജ്) കുമാർചന്ദ്രയുടെ നേതൃത്വത്തിലാണ് ഓപറേഷൻ നടത്തിയത്.
മംഗളൂരു ലോകായുക്ത പൊലീസ് സ്റ്റേഷൻ ഡിവൈ.എസ്.പി ഡോ. ഗണ പി. കുമാർ, പി. സുരേഷ് കുമാർ, ഇൻസ്പെക്ടർമാരായ ജെ. ഭാരതി, കെ.എൻ. ചന്ദ്രശേഖർ, രവി പവാർ, എം.എൻ. രാജേന്ദ്ര നായിദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

