പശുവും കിടാവും മേഞ്ഞ തീരത്തെ താമരക്കൊയ്ത്ത്
text_fieldsക്യാപ്റ്റൻ ബ്രിജേഷ് ഛൗട്ട,പത്മരാജ് ആർ
പൂജാരി
കോൺഗ്രസിന്റെ ‘പശുവും കിടാവും’ കയറൂരി മേയുകയും ‘കൈ’ യടക്കുകയും ചെയ്ത മണ്ണായിരുന്നു അറബിക്കടലിന്റെ തോഴി നേത്രാവതി നദിയുടെ കര. 1971ൽ കെ.കെ. ഷെട്ടിയെ പാർലമെന്റിലെത്തിച്ച കോൺഗ്രസിന്റെ ‘പശുവും കിടാവി’ന്റെ കയർ പിടിച്ച് 1977ൽ ബി. ജനാർദന പൂജാരി കന്നി ലോക്സഭ പ്രവേശം നടത്തി. തുടർന്ന് മൂന്ന് തെരഞ്ഞെടുപ്പുകളിൽ മംഗളൂരു മണ്ഡലം പൂജാരിയെ ‘കൈ’പിടിച്ച് കേന്ദ്ര മന്ത്രിക്കസേരയിൽവരെ ഇരുത്തി.
പിന്നീടങ്ങോട്ട് തീവ്രഹിന്ദുത്വ തിരമാലകൾ ആഞ്ഞടിക്കുകയായിരുന്നു. 1991, 1996, 1998, 2004, 2009, 2014 തെരഞ്ഞെടുപ്പുകളിൽ പൂജാരിയും കർണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന അഡ്വ.എം. വീരപ്പ മൊയ്ലിയും നിലംപരിശായി. തീര ജില്ല കാവി ഫാഷിസത്തിന്റെ പരിശീലനക്കളരിയാകുന്നതിനെതിരെ മതേതര മനസ്സുണർത്താൻ നടന്ന പരിശ്രമങ്ങളും വിജയിച്ചില്ല. 2019ൽ നടന്ന തെരഞ്ഞെടുപ്പിൽ ഹാട്രിക് വിജയം നേടിയ ബി.ജെ.പിയുടെ നളിൻ കുമാർ കട്ടീലിന്റെ ഭൂരിപക്ഷം 2014ലെ 1.44 ലക്ഷത്തിൽ നിന്ന് 2.75 ലക്ഷമായി ഉയർന്നു.
സ്വകാര്യ മേഖലയിലെ മെഡിക്കൽ, എൻജിനീയറിങ് കോളജുകളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഹബ്ബാണ് 2009ൽ ദക്ഷിണ കന്നട എന്ന് നാമമാറ്റം വരുത്തിയ മണ്ഡലം. തെന്നിന്ത്യയിലെ പ്രമുഖ എണ്ണ ശുദ്ധീകരണ, പാചകവാതക, പെട്രോളിയം കമ്പനികൾ ഉൾപ്പെടെ വൻകിട, ചെറുകിട വ്യവസായ ശാലകളുടെ ശൃംഖലതന്നെ ഈ മണ്ഡലത്തിലുണ്ട്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ കശുവണ്ടി ഗവേഷണ സ്ഥാപനം, കേരള -കർണാടക സംയുക്ത സഹകരണ മേഖലയിലെ കാംപ്കോ ഫാക്ടറി തുടങ്ങിയവയും പ്രവർത്തിക്കുന്നു. വ്യാപാര, വ്യവസായ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മലയാളികൾ വ്യാപരിച്ചുകിടക്കുന്നു.
പുതുമുഖങ്ങളാണ് തുറമുഖ മണ്ഡലത്തിൽ പോരടിക്കുന്ന ബി.ജെ.പിയുടെ ക്യാപ്റ്റൻ ബ്രിജേഷ് ഛൗട്ടയും കോൺഗ്രസിന്റെ പത്മരാജ് ആർ. പൂജാരിയും. ഇരുവരും ഓരോ കോടിയിൽ താഴെ മാത്രം ആസ്തിയുള്ളവർ. പട്ടാളച്ചിട്ടയും ആർ.എസ്.എസ് ചട്ടക്കൂടും ചേർന്ന ഛൗട്ടയുടെ പ്രചാരണം ബി.ജെ.പിയുടെ പ്രതീക്ഷ വളർത്തുന്നതേയുള്ളൂ. നളിൻ കുമാർ കട്ടീലുമായി അകന്ന് പുത്തില പരിവാർ പാർട്ടിയുണ്ടാക്കി വഴിപിരിഞ്ഞ അനിൽ കുമാർ പുത്തില ബി.ജെ.പിയിൽ തിരിച്ചെത്തി പ്രചാരണത്തിൽ സജീവമാണ്.
ബില്ലവ വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ ആ സമുദായക്കാരൻ എന്നത് കോൺഗ്രസ് സ്ഥാനാർഥിക്ക് അനുകൂലം. അരലക്ഷത്തിലേറെ വോട്ടുകളുള്ള എസ്.ഡി.പി.ഐയുടെയും വെൽഫെയർ പാർട്ടിയുടെയും പരസ്യ പിന്തുണ കോൺഗ്രസിനാണ്. സി.പി.എം, സി.പി.ഐ ഉൾപ്പെടെ ഇടത് പാർട്ടികൾ ‘ഇൻഡ്യ’ മുന്നണിയിൽ അണിചേർന്ന് കോൺഗ്രസ് സ്ഥാനാർഥിക്കായി രംഗത്തുണ്ട്. ഹിന്ദു -66, മുസ്ലിം -25, ക്രിസ്ത്യൻ -8.20 എന്നിങ്ങനെയാണ് മണ്ഡലത്തിലെ ജനസംഖ്യ ശതമാനം.
ദക്ഷിണ കന്നട ലോക്സഭ മണ്ഡലം
ലോക്സഭ 2014
നളിൻ കുമാർ കട്ടീൽ-774285
മിഥുൻ റൈ -499664
മുഹമ്മദ് ഇല്യാസ് എസ്.ഡി.പി.ഐ -46839
2023 നിയമസഭ തെരഞ്ഞെടുപ്പ്
മംഗളൂരു നോർത്ത്, മംഗളൂരു സൗത്ത്, ബെൽത്തങ്ങാടി, മൂഡബിദ്രി, ബണ്ട്വാൾ, സുള്ള്യ (ബി.ജെ.പി)
മംഗളൂരു, പുത്തൂർ (കോൺഗ്രസ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

