അക്ഷരവഴിയിൽ കേരള മോഡൽ കർണാടകയിൽ പകർത്താനൊരുങ്ങി മലയാളി നിയമസഭ സ്പീക്കർ
text_fieldsകേരള മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എൻ.എൻ. ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർക്കൊപ്പം കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ കേരള നിയമസഭ പുസ്തകോത്സവം ഉദ്ഘാടന വേദിയിൽ (ഫയൽ)
മംഗളൂരു: കർണാടക ചരിത്രത്തിലാദ്യമായി ഭരണ സിരാകേന്ദ്രമായ വിധാന സൗധ പരിസരത്ത് സാഹിത്യ -സാംസ്കാരിക ഉത്സവം സംഘടിപ്പിക്കുന്നു. ഈമാസം 27നും മാർച്ച് മൂന്നിനും ഇടയിലാവും മേളയെന്ന് നിയമസഭ സ്പീക്കർ യു.ടി. ഖാദർ മംഗളൂരുവിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഭരണവർഗത്തെ സാഹിത്യകാരന്മാരുമായി അടുപ്പിക്കുകയാണ് ലക്ഷ്യം. മേളയുടെ ഭാഗമായി വിധാൻ സൗധ കെട്ടിടത്തിന് ചുറ്റും 150ലധികം സർക്കാർ, സ്വകാര്യ പ്രസാധകരുടെ സ്റ്റാളുകൾ സജ്ജീകരിക്കും.
ഭൂരിഭാഗം സ്റ്റാളുകളിലും കന്നട പുസ്തകങ്ങൾ വിൽക്കും. പുതിയ പുസ്തകങ്ങളുടെ പ്രകാശനത്തിന് അവസരമൊരുക്കും. ഇതര ഭാഷകളിലെ പുസ്തകങ്ങൾക്കും ഇടമുണ്ടാവും.
നിയമസഭാംഗങ്ങൾക്ക് അവരുടെ മണ്ഡലങ്ങളിലെ പൊതു ലൈബ്രറികൾക്കും സർക്കാർ കോളജ് ലൈബ്രറികൾക്കും പുസ്തകങ്ങൾ വാങ്ങുന്നതിന് പ്രദേശ വികസന ഫണ്ടിൽനിന്ന് മൂന്ന് ലക്ഷം രൂപ വരെ വിനിയോഗിക്കാൻ അനുവദിക്കുന്നതിനുള്ള നിയമങ്ങൾ രൂപവത്കരിച്ചുവരുകയാണ്.
സാഹിത്യ ചർച്ചകൾ, അവാർഡുകൾ സമർപ്പണ ചടങ്ങുകൾ, സാംസ്കാരിക പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും. ഭക്ഷണ സ്റ്റാളുകളും സ്ഥാപിക്കും. പൊതുജനങ്ങൾക്ക് സന്ദർശനം സൗജന്യമാണ്.
തുടർന്ന് എല്ലാ വർഷവും മേള സംഘടിപ്പിക്കും. കാര്യപരിപാടികൾ തയാറാക്കുന്നതിന് നിയമസഭ സെക്രട്ടറിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്ന് സ്പീക്കർ പറഞ്ഞു.
കഴിഞ്ഞ മാസം ഏഴ് മുതൽ 13 വരെ തിരുവനന്തപുരത്ത് നിയമസഭ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ. കാസർകോട് ജില്ലയിലെ ഉപ്പള സ്വദേശിയും ഉള്ളാൾ എം.എൽ.എയുമായിരുന്ന യു.ടി. ഫരീദിന്റെ മകനാണ് ഖാദർ.
കർണാടക നിയമസഭയിലെ മലയാളി സാന്നിധ്യമായി ശാന്തിനഗർ എം.എൽ.എയും ബി.ഡി.എ ചെയർമാനുമായ എൻ.എ. ഹാരിസ്, ഊർജ മന്ത്രി കെ.ജെ. ജോർജ് എന്നിവർക്കു പുറമെ, സ്പീക്കറായി മംഗളൂരു എം.എൽ.എയായ യു.ടി. ഖാദറുമുണ്ട്.
പേരും ലോഗോയും നിർദേശിക്കാം
ബംഗളൂരു: വിധാൻസൗധ പരിസരത്ത് കർണാടക സർക്കാർ സംഘടിപ്പിക്കുന്ന സാഹിത്യ -സാംസ്കാരിക ഉത്സവത്തിന് ഉചിതമായ പേരും ലോഗോയും പൊതുജനങ്ങൾക്ക് നിർദേശിക്കാം. നിർദേശങ്ങൾ secy-kla-kar@nic.in എന്ന ഇ-മെയിൽ വിലാസത്തിലോ 9448108798 എന്ന വാട്സ്ആപ് നമ്പറിലോ അയക്കാം. മികച്ച നിർദേശങ്ങൾക്ക് സമ്മാനങ്ങൾ ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.