ലിംഗായത്ത് ഹിന്ദു ഭാഗമല്ല, സ്വതന്ത്ര മതമാണ് -മഠാധിപതി സന്യാസിമാർ
text_fieldsമംഗളൂരു: ലിംഗായത്ത് മതം സനാതന ധർമത്തിൽനിന്നുള്ള വേർപിരിയലല്ല, സമൂഹത്തിൽ നിലനിൽക്കുന്ന ജാതി, വർണ വിവേചനങ്ങൾക്കെതിരായി ഉയർന്നുവന്ന ഒരു മതമാണെന്ന് വിവിധ ലിംഗായത്ത് മഠങ്ങളുടെ അധിപന്മാരായ സന്യാസിമാർ പ്രഖ്യാപിച്ചു. ലിംഗായത്ത് മഠാധിപതി യൂനിയൻ കോളജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി ‘ബസവ സംസ്കൃതി അഭിയാൻ’ കാമ്പയിന്റെ ഭാഗമായി ഉഡുപ്പി ടൗൺ ഹാളിൽ സംഘടിപ്പിച്ച വചനചർച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു സ്വാമിമാർ.
ലിംഗായത്ത് മതം ഹിന്ദു ധർമത്തിന്റെയോ സനാതന ധർമത്തിന്റെയോ ഭാഗമല്ല; അതൊരു സ്വതന്ത്ര വിശ്വാസമാണ് -ഭാൽക്കി ഹിരേമഠ് സൻസ്ഥാനിലെ ഡോ. ബസവലിംഗ പട്ടദേവരു പറഞ്ഞു. ലിംഗായത്ത് ഒരു ജാതിയല്ല, അതൊരു സമ്പൂർണ മതമാണ്. മതം ഒരു കാര്യമാണ്, ജാതി മറ്റൊന്നാണ്. ജാതി ഇരുട്ട് പോലെയാണ്, മതം വെളിച്ചവും. ജാതിയുടെ ഇരുട്ട് അകറ്റാൻ, മതത്തിന്റെ വെളിച്ചം ആവശ്യമാണ്.ജൈന, മറ്റ് ന്യൂനപക്ഷ മതങ്ങൾക്ക് ഭരണഘടനാ അംഗീകാരം നൽകുന്നതുപോലെ, ലിംഗായത്ത് മതത്തിനും ഭരണഘടനാ അംഗീകാരം നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.
ഇത് ഒരു പ്രതിഷേധമല്ല, ഞങ്ങളുടെ അവകാശമാണ്-പട്ടദേവരു പറഞ്ഞു. ലിംഗായത്ത് ഹിന്ദുവോ സനാതന ധർമമോ അല്ല. ലിംഗായത്ത് ഒരു സ്വതന്ത്ര മതമാണ്. ബസവണ്ണ ഞങ്ങളുടെ മത ഗുരുവാണ്. വചന സാഹിത്യമാണ് ഞങ്ങളുടെ വേദഗ്രന്ഥം. ബസവണ്ണ നൽകിയ ബസവ ധർമമോ ലിംഗായത്ത് ധർമമോ മറ്റൊരു മതത്തിന്റെയും ഭാഗമല്ല -ഹണ്ടിഗുണ്ട മഠത്തിലെ ശിവാനന്ദ സ്വാമി പറഞ്ഞു.
ബെളഗാവി സെഗുനിസെയിലെ ഡോ. മഹന്ത് പ്രഭു സ്വാമിജി സെഷൻ ഏകോപിപ്പിച്ചു.ഹുലസുരു മഠത്തിലെ ശിവാനന്ദ സ്വാമി, ഹൊസദുർഗ കുഞ്ചിതിഗ മഹാസംസ്ഥാന മഠത്തിലെ ശാന്തവീർ മഹാസ്വാമി, ഭാൽക്കി ഹിരേമഠം സൻസ്ഥാനിലെ ഗുരുബസവ പട്ടദേവരു, നവൽഗുണ്ട് ഗവിമഠം ധാർവാഡിലെ ബസവലിംഗ സ്വാമി, കലബുറഗിയിലെ വീരസിദ്ധ ശിവയോഗി ദേവരു, കലബുറഗിയിലെ വീരസിദ്ധ ശിവയോഗി ദേവാസ്, ഷൺമുഖ ശിവയോഗി ദേവാസ്, ഷൺമുഖ ശിവയോഗി ബെലഗാവി, ബസവകല്യണിലെ ബസവരാജ ദേവരു, മമ്മിഗട്ടിയിലെ ബസവാനന്ദ സ്വാമി എന്നിവർ സംസാരിച്ചു.അഖില ഭാരത വീരശൈവ മഹാസഭ ഉഡുപ്പി ജില്ല ഓണററി പ്രസിഡന്റ് ഡോ. ജി.എസ്. ചന്ദ്രശേഖർ, ശരണ സാഹിത്യ പരിഷത്ത് ഉഡുപ്പി ജില്ല പ്രസിഡന്റ് നിരഞ്ജൻ ചോളയ്യ, ഉഡുപ്പി താലൂക്ക് ഗ്യാരന്റി സ്കീം ഇംപ്ലിമെന്റേഷൻ കമ്മിറ്റി പ്രസിഡന്റ് രമേഷ് കാഞ്ചൻ, ദലിത് സംഘർഷ കമ്മിറ്റി നേതാവ് സുന്ദർ മാസ്റ്റർ, ബില്ലവ നേതാവ് ഗീതാഞ്ജലി തുടങ്ങി നിരവധി പേർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

