അമേരിക്കൻ വനിത പീഡനത്തിന് ഇരയായ ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി
text_fieldsമംഗളൂരു: കുടക് ജില്ലയിൽ അമേരിക്കൻ വനിത വിനോദസഞ്ചാരി ലൈംഗികാതിക്രമത്തിന് ഇരയായ ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കാൻ ടൂറിസം വകുപ്പ് വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. കുട്ട ഗ്രാമത്തിലെ ദേവി വില്ല ഹോംസ്റ്റേയിൽ താമസിക്കുകയായിരുന്ന വനിതയാണ് പീഡനത്തിന് ഇരയായത്. ഹോംസ്റ്റേയിലെ പാചകക്കാരൻ ജാർഖണ്ഡ് സ്വദേശി വൃജേഷ് കുമാർ മധുരപാനീയത്തിൽ ലഹരി കലർത്തി നൽകിയ ബോധം നഷ്ടപ്പെട്ട ശേഷം ലൈംഗികമായി പീഡിപ്പിച്ചതായി ഇര നൽകിയ പരാതിയിൽ പറയുന്നു.
വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി ടൂറിസം വകുപ്പ് ഹോംസ്റ്റേ അടച്ചുപൂട്ടി .2024 ജനുവരിയിലാണ് ലൈസൻസ് ലഭിച്ചത്. ജില്ലയിലെ എല്ലാ ഹോംസ്റ്റേകളും വിനോദസഞ്ചാര സുരക്ഷാ ചട്ടങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് വ്യക്തമാക്കി ജില്ലാ ഭരണകൂടം കർശന നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. പീഡനത്തിന് ശേഷം സ്ത്രീ സഹായം തേടാൻ ശ്രമിച്ചപ്പോൾ ഹോംസ്റ്റേ ഉടമ വിശാൽ മൂന്ന് ദിവസത്തോളം വൈ-ഫൈ കണക്ഷൻ വിച്ഛേദിക്കുകയും പുറംലോകവുമായി ബന്ധപ്പെടുന്നതിൽ നിന്ന് അവരെ തടയുകയും ചെയ്തു. കേസ് അന്വേഷിക്കുന്ന പൊലീസ് വ്രജേഷ് കുമാറിനെയും ഉടമ വിശാലിനെയും അറസ്റ്റ് ചെയ്തു. അതിക്രമം നടന്ന് മൂന്ന് ദിവസത്തിന് ശേഷം താൻ മൈസൂരുവിലേക്ക് പോകുകയാണെന്ന് പറഞ്ഞ് പുറത്തുപോയ ഇര അമേരിക്കൻ എംബസിയെ ബന്ധപ്പെടുകയും ഭയാനകമായ സംഭവത്തെക്കുറിച്ച് അവരെ അറിയിക്കുകയും ചെയ്തു. തുടർന്ന് എംബസി ഉദ്യോഗസ്ഥർ മൈസൂരു അധികൃതരെ ഇമെയിൽ വഴി ബന്ധപ്പെടുകയും കേസ് രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തു.
ഈ നിർദ്ദേശങ്ങളെ തുടർന്ന് മൈസൂരുവിലെ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. സംഭവം പുറത്തുവന്നതിനെത്തുടർന്ന് ഡൽഹിയിൽ നിന്നും ചെന്നൈയിൽ നിന്നുമുള്ള വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ ചൊവ്വാഴ്ച കുടക് സന്ദർശിച്ചു. കേസ് ഒതുക്കിത്തീർക്കാൻ ശ്രമങ്ങൾ നടന്നതായി കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു .എന്നാൽ പൊലീസ് ആ ശ്രമങ്ങൾ പരാജയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

