കര്‍ണാടകയില്‍ മഴ കുറവ്
text_fieldsബംഗളൂരു: സമീപ വര്‍ഷങ്ങളെ അപേക്ഷിച്ച് കര്‍ണാടകയില്‍ ഇത്തവണ ഏറ്റവും കുറവ് മഴ രേഖപ്പെടുത്തി. 31 ജില്ലകളിൽ പകുതിയിലധികം ഇടങ്ങളിലും സാധാരണ മഴയുടെ 50 ശതമാനത്തിൽ താഴെ മാത്രമാണ് ലഭിച്ചത്. സാധാരണ ഗതിയില്‍ മഴ സമൃദ്ധമായി ലഭിച്ചിരുന്ന ശിവമോഗ, കുടക്, ദക്ഷിണ കന്നഡ, ചിക്കമഗളൂരു എന്നിവിടങ്ങളിൽ സാധാരണ ലഭിക്കുന്ന മഴയുടെ 40 ശതമാനത്തിൽ താഴെ മാത്രമാണ് ലഭിച്ചത്.
ഇത് ഈ വർഷത്തെ കാർഷിക മേഖലയില്‍ ഗുരുതരമായ ഭീഷണി ഉയർത്താന്‍ സാധ്യതയുണ്ട്. 16 ജില്ലകളിൽ സാധാരണയിൽ താഴെ മഴ മാത്രമാണ് ലഭിച്ചത്. ജൂൺ മാസത്തിൽ സാധാരണ ലഭിക്കുന്ന മഴയുടെ 40 ശതമാനം മാത്രമേ ലഭിച്ചിട്ടുള്ളൂ. കൃഷി വകുപ്പ് പുറത്തിറക്കിയ ജില്ലാതല ഡാറ്റ പ്രകാരം ശിവമോഗയിൽ സാധാരണ ലഭിക്കുന്ന മഴയുടെ 36 ശതമാനം മാത്രമേ ലഭിച്ചിട്ടുള്ളൂ അതായത് 64 ശതമാനം കുറവ്. കുടകിൽ സാധാരണ ലഭിക്കുന്ന മഴയുടെ 39ശതമാനം മാത്രമാണ് ലഭിച്ചത്. 61 ശതമാനം കുറവാണ്.
ചിക്കമഗളൂരുവിലും ദക്ഷിണ കന്നഡയിലും ഏകദേശം 60 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തി. ജൂൺ 26 വരെയുള്ള കണക്കുകൾ പ്രകാരം ദക്ഷിണ കന്നഡയിൽ 766 മില്ലിമീറ്ററും, ചിക്കമഗളൂരുവിൽ 264 മില്ലിമീറ്ററും, കുടകിൽ 429 മില്ലിമീറ്ററും, ശിവമോഗയിൽ 383 മില്ലിമീറ്ററുമാണ് സാധാരണ മഴ ലഭിക്കേണ്ടിയിരുന്നത്.
എങ്കില്‍ ജില്ലകളിൽ യഥാക്രമം 306 മില്ലിമീറ്റർ, 105 മില്ലിമീറ്റർ, 168 മില്ലിമീറ്റർ, 138 മില്ലിമീറ്റർ എന്ന തോതിലാണ് മഴ ലഭിച്ചത്. വിജയനഗര ജില്ലയിൽ സാധാരണ 71 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 29 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത് 59 ശതമാനം കുറവാണ്. ജൂൺ 26 വരെ സാധാരണയായി 923 മില്ലിമീറ്റർ മഴ ലഭിക്കുന്ന ഉഡുപ്പിയിൽ 424 മില്ലിമീറ്റർ മാത്രമേ ലഭിച്ചുള്ളൂ. 54 ശതമാനം കുറവാണ്. ദാവന്‍ഗെരെയിലും 54 ശതമാനവും ഹാവേരി, ഉത്തര കന്നഡ, മൈസൂരു എന്നിവിടങ്ങളിൽ ഏകദേശം 53 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തി.
മൈസൂരുവിൽ സാധാരണ 82 മില്ലിമീറ്റര് മഴ ലഭിക്കുന്ന സ്ഥാനത്ത് 38 മില്ലിമീറ്ററും ഹാവേരിയിൽ 99 മില്ലിമീറ്റര്‍ മഴ ലഭിക്കുന്ന സ്ഥാനത്ത് 47 മില്ലിമീറ്റർ മഴ ലഭിച്ചു. ഉത്തര കന്നഡയിൽ സാധാരണ 564 മില്ലിമീറ്റര് മഴ ലഭിക്കുന്ന സ്ഥാനത്ത് 264 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. ബംഗളൂരു നോർത്ത്, ബംഗളൂരു സൗത്ത്, ബംഗളൂരു അർബൻ, മാണ്ഡ്യ, ബല്ലാരി, കോലാർ, ബാഗൽകോട്ട്, ചിത്രദുർഗ, റായ്ച്ചൂർ, ചാമരാജനഗർ, യാദ്ഗിർ എന്നിവിടങ്ങളിൽ സാധാരണ രീതിയില്‍ മഴ ലഭിച്ചു. തുമകൂരു, ചിക്കബെല്ലാപുര എന്നിവിടങ്ങളില്‍ യഥാക്രമം 28 ശതമാനവും 33 ശതമാനവും അധിക മഴ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

