ഗിഗ് വർക്കേഴ്സ് ക്ഷേമ ബില്‍ നിയമസഭ പാസാക്കി
text_fieldsബംഗളൂരു: ഭക്ഷണ സാധനങ്ങള്‍, ഇ-മാര്‍ക്കറ്റ്, ലോജിസ്റ്റിക്സ് സർവിസ്, ആരോഗ്യ സേവനങ്ങള്‍, ട്രാവൽ തുടങ്ങി ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളില്‍ ജോലി ചെയ്യുന്ന വിതരണ ജീവനക്കാരുടെ (ഗിഗ് വര്‍ക്കേഴ്സ്) ക്ഷേമത്തിനായി ഗിഗ് വർക്കേഴ്സ് ക്ഷേമ ബില്‍ കർണാടക നിയമസഭയില്‍ പാസാക്കി.
തൊഴില്‍ മന്ത്രി സന്തോഷ് ലാഡ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ബില്ലിനെ സ്വാഗതം ചെയ്തു. ശബ്ദ വോട്ടിലൂടെ നിയമസഭാ സ്പീക്കര്‍ യു.ടി. ഖാദര്‍ ബില്‍ പാസാക്കി. സംസ്ഥാനത്തെ നാലു ലക്ഷത്തോളം വരുന്ന വിതരണ തൊഴിലാളികൾക്ക് പ്രയോജനം ചെയ്യുന്നതാണ് ബിൽ.
ഗിഗ് വർക്കേഴ്സിന്റെ ക്ഷേമനിധിയിലേക്കായി ഇ -കൊമേഴ്സ് കമ്പനികളിൽനിന്ന് അഞ്ചു ശതമാനംവരെ ക്ഷേമ ഫീസ് ഈടാക്കാൻ ബിൽ അനുവാദം നൽകുന്നു. തര്‍ക്ക പരിഹാര സംവിധാനം, ക്ഷേമനിധി ബോര്‍ഡ്, ക്ഷേമനിധി ഫണ്ട് എന്നിവ ബില്ലില്‍ ഉള്‍പ്പെടും. വിദേശ രാജ്യങ്ങളില്‍ ഇത്തരം നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ടെന്നും ഇന്ത്യയില്‍ ഈ ആശയം പുതിയതാണെന്നും ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകള്‍ വര്‍ഷം തോറും കൂടിവരുകയാണെന്നും ബില്ല് വിശദീകരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
നിതി ആയോഗ് കണക്കുകള്‍ പ്രകാരം 23.5 മില്യണ്‍ തൊഴിലാളികള്‍ ഇത്തരം പ്ലാറ്റ് ഫോമുകളില്‍ ജോലി ചെയ്യുന്നു. കര്‍ണാടകയില്‍ മാത്രം നാല് ലക്ഷത്തോളം ഗിഗ് വർക്കേഴ്സുണ്ട്. നഗരങ്ങളില്‍ ജോലി ചെയ്യുന്ന ഗിഗ് വര്‍ക്കേഴ്സിന് ഗതാഗതക്കുരുക്ക്, വായു മലിനീകരണം, ശബ്ദ മലിനീകരണം തുടങ്ങി നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്.
വായു മലിനീകരണം മൂലം ശാരീരിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഗിഗ് വര്‍ക്കർക്ക് സംസ്ഥാന സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കിയിരുന്നു. ഏകദേശം 10,560 തൊഴിലാളികള്‍ ഗിഗ് പ്ലാറ്റ്ഫോമില്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു.
ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളില്‍ ജോലി ചെയ്യുന്ന ഗിഗ് വർക്കര്‍മാര്‍ ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യണം. സാമ്പത്തിക സുരക്ഷ, ജോലി ചെയ്യാനുള്ള സാഹചര്യം എന്നിവ ഗിഗ് വർക്കേഴ്സിന് ഉറപ്പുവരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

