നിയമസഭ സംഭവങ്ങൾ; ഗവർണർ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകി
text_fieldsഗവർണർ തവാർചന്ദ് ഗെഹ് ലോട്ട്
ബംഗളൂരു: കർണാടക നിയമസഭയുടെ സംയുക്ത സമ്മേളനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളെക്കുറിച്ച് ഗവർണർ തവാർചന്ദ് ഗെഹ് ലോട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് വിശദ റിപ്പോർട്ട് സമർപ്പിച്ചു. വ്യാഴാഴ്ച സംയുക്ത സമ്മേളനത്തിലും മുമ്പും നടന്ന സംഭവവികാസങ്ങൾ ഗവർണറുടെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതായി ലോക്ഭവൻ അറിയിച്ചു.
കോൺഗ്രസ് സർക്കാറിന്റെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി സ്വയം തയാറാക്കിയ മൂന്ന് വരി വായിക്കുകയായിരുന്നു ഗവർണർ. റിപ്പോർട്ട് അയക്കുന്നതിന് മുമ്പ് ഗെഹ് ലോട്ട് നിയമ വിദഗ്ധരുമായി കൂടിയാലോചിച്ചിരുന്നു. സംസ്ഥാനം തയാറാക്കിയ പ്രസംഗത്തിൽ യു.പി.എ ഭരണകാലത്ത് കൊണ്ടുവന്ന മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേന്ദ്രം പിൻവലിച്ചു എന്നതുൾപ്പെടെ മോദി സർക്കാറിന്റെ നയങ്ങളെ വിമർശനാത്മകമായി പരാമർശിക്കുന്ന 10 ഖണ്ഡിക ഉണ്ടായിരുന്നു. ഇവ നീക്കംചെയ്ത് കരട് പ്രസംഗം പരിഷ്കരിക്കാൻ താൻ നിർദേശിച്ചതായി ഗവർണർ രാഷ്ട്രപതിക്കുള്ള റിപ്പോർട്ടിൽ പറയുന്നു.
നിയമസഭ ഹാളിൽനിന്ന് പുറത്തുകടക്കുമ്പോൾ മുദ്രാവാക്യം വിളിക്കുകയും ഗവർണറെ ഘെരാവോ ചെയ്യാൻ ശ്രമിക്കുകയും ചെയ്ത ഭരണകക്ഷിയായ കോൺഗ്രസ് പാർട്ടി അംഗങ്ങളുടെ പെരുമാറ്റവും പ്രതിപക്ഷമായ ബി.ജെ.പിയുടെയും നേതാക്കളുടെ പ്രതികരണങ്ങളും റിപ്പോർട്ടിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഗവർണർ മൂന്ന് വരികളോടെ പ്രസംഗം അവസാനിപ്പിച്ചപ്പോൾ നിയമ-പാർലമെന്ററി മന്ത്രി എച്ച്.കെ. പാട്ടീൽ ഉൾപ്പെടെ മന്ത്രിമാർ എഴുന്നേറ്റു നിന്ന് ഗെഹ് ലോട്ടിനോട് പ്രസംഗം പൂർത്തിയാക്കാൻ അഭ്യർഥിച്ചു. ഗെഹ് ലോട്ട് പുറത്തേക്കുള്ള വാതിലിലേക്ക് നീങ്ങിയപ്പോൾ ബി.കെ. ഹരിപ്രസാദ് എം.എൽ.സിയുടെ നേതൃത്വത്തിൽ ഭരണകക്ഷി അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു അദ്ദേഹത്തെ ഘെരാവോ ചെയ്യാൻ ശ്രമിച്ചു. സുരക്ഷാ ജീവനക്കാർ അവരെ നീക്കം ചെയ്തു -റിപ്പോർട്ടിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

