നേതൃമാറ്റം; കോൺഗ്രസ് ഹൈകമാൻഡിന്റെ തീരുമാനം അന്തിമം -സിദ്ധരാമയ്യ
text_fieldsമുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോട്
സംസാരിക്കുന്നു
ബംഗളൂരു: നേതൃമാറ്റ വിഷയത്തില്‍ കോൺഗ്രസ് ഹൈകമാൻഡിന്റെ തീരുമാനം അന്തിമമാണെന്നും അതനുസരിക്കാന്‍ താൻ ബാധ്യസ്ഥനാണെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇക്കാര്യം ചര്‍ച്ചചെയ്യാനായി മാത്രം താൻ ഡൽഹിയിലേക്ക് പോകുന്നില്ല. ഹൈകമാൻഡ് വിളിച്ചാൽ മാത്രമേ പോകൂവെന്നും അനാവശ്യ ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് ഹൈകമാൻഡിന്റെ സാന്നിധ്യത്തിൽ താനും സിദ്ധരാമയ്യയും വിഷയം ചർച്ച ചെയ്തതിനാൽ നേതൃത്വ വിഷയത്തിൽ തനിക്ക് ‘ആശയക്കുഴപ്പമില്ല’ എന്ന ഡി.കെ. ശിവകുമാർ മുമ്പ് നടത്തിയ അഭിപ്രായങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ശിവകുമാര്‍ എന്താണ് പറഞ്ഞതെന്ന ചോദ്യത്തിന്, മുഖ്യമന്ത്രി അസ്വസ്ഥനായി. ‘അദ്ദേഹം പറഞ്ഞ കാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കൂ. എനിക്കൊന്നുമറിയില്ല’ എന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലേക്ക് വിളിക്കാതെ താന്‍ എന്തിന് പോകണം. വിളിച്ചാല്‍ താന്‍ പോകുമെന്നും സംസ്ഥാനത്ത് ബജറ്റ് തയാറാക്കുന്ന തിരക്കിലാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞു.
ശിവകുമാറും സിദ്ധരാമയ്യയും തമ്മിലുള്ള അധികാരത്തർക്കം വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. സിദ്ധരാമയ്യയുടെ മകനും എം.എൽ.സിയുമായ യതീന്ദ്ര സിദ്ധരാമയ്യ അഞ്ചുവർഷം പൂര്‍ത്തിയാക്കുമെന്നും ഹൈക്കമാൻഡ് ഇക്കാര്യത്തിൽ സൂചന നൽകിയിട്ടുണ്ടെന്നും കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. 2025 നവംബർ 20ന് കോൺഗ്രസ് സർക്കാർ രണ്ടരവര്‍ഷം കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്ന് മുഖ്യമന്ത്രിസ്ഥാനം മാറ്റാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെ ഭരണകക്ഷിക്കുള്ളിലെ നേതൃതർക്കം രൂക്ഷമായിരുന്നു. 2023ൽ സർക്കാർ രൂപവത്കരണ സമയത്ത് സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ നടന്ന ‘അധികാര പങ്കിടൽ’ കരാറാണ് ഊഹാപോഹങ്ങൾക്ക് ആക്കംകൂട്ടിയത്. അസം നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോൺഗ്രസ് യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിക്ക് പോകണമെന്നും അതിനാല്‍ ചൊവ്വാഴ്ച ജലവിഭവ വകുപ്പുമായും ബംഗളൂരു വികസന വകുപ്പുമായും നടന്ന പ്രീ ബജറ്റ് മീറ്റിങ്ങുകളിൽ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി ശിവകുമാർ തനിക്ക് കത്തെഴുതിയിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുടെ യോഗങ്ങൾ അദ്ദേഹത്തിന്റെ അഭാവത്തിൽ നടക്കുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

