മണ്ണിടിഞ്ഞ് മംഗളൂരു-ബംഗളൂരു പാതയിൽ ഗതാഗതം സ്തംഭിച്ചു
text_fieldsമംഗളൂരു -ബംഗളൂരു ദേശീയപാതയിൽ ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യുന്നു
മംഗളൂരു: ഉപ്പിനങ്ങാടിയിൽ കൗക്രടി ഗ്രാമത്തിനടുത്തുള്ള മന്നഗുണ്ടിയിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ വൻ മണ്ണിടിച്ചിലിൽ മംഗളൂരു-ബംഗളൂരു ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. രാത്രിയിൽ പെയ്ത കനത്ത മഴയിൽ കുന്നിൻചെരിവിൽനിന്നുള്ള വലിയൊരു ഭാഗം മണ്ണിടിഞ്ഞു വീഴുകയായിരുന്നു. നാലുവരി പാത പദ്ധതിക്കിടെ കുന്നിൻ ചെരിവിലൂടെ നേരിട്ട് വെട്ടിയെടുത്ത ഈ പാത ദുർബലമാണെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു. ശരിയായ സംരക്ഷണ ഘടനകളില്ലാത്തതിനാൽ, മഴക്കാലത്ത് മണ്ണ് പലതവണ അയഞ്ഞുപോയി.
ഈ മഴക്കാലത്ത് ഇവിടെയുണ്ടാവുന്ന അഞ്ചാമത്തെ മണ്ണിടിച്ചിലാണിത്. തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ഫറങ്കിപേട്ടയിലെ പുഡു ഗ്രാമത്തിലെ അമേമ്മർ പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായി. കെ.വി. സുബൈറിന്റെ വീടിന് പിൻഭാഗത്തെ ചരിവ് ഇടിഞ്ഞുവീണ് വീടിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ഇടിഞ്ഞ കുന്നിൽനിന്നുള്ള മണ്ണ് റോഡിലേക്ക് ഒഴുകി ഗതാഗത തടസ്സം സൃഷ്ടിച്ചു.
പ്രദേശത്ത് കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ ഭയപ്പെടുന്നു. നിരവധി കുടുംബങ്ങളെ മുൻകരുതലായി മാറ്റിപ്പാർപ്പിക്കേണ്ടി വന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഷീദ്, പഞ്ചായത്ത് അക്കൗണ്ടന്റ് അശ്വിനി, അസിസ്റ്റന്റ് ഓഫിസർ സാദ, അംഗങ്ങളായ ഷാഫി അമേമ്മർ, സാറ, ആതിക, റുഖ്സാന, മുൻ പഞ്ചായത്ത് പ്രസിഡന്റ് അക്തർ ഹുസൈൻ എന്നിവർ ഉൾപ്പെടെയുള്ള തദ്ദേശ പ്രതിനിധികൾ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
കനത്ത മഴയിൽ മംഗളൂരു നഗരത്തിൽ നിരവധി നാശനഷ്ടങ്ങളും ഗതാഗത തടസ്സങ്ങളും ഉണ്ടായി. ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച രാവിലെയും ഉണ്ടായ ശക്തമായ മഴയിൽ മേരി ഹില്ലിന് സമീപമുള്ള കോമ്പൗണ്ട് മതിൽ ഇടിഞ്ഞുവീണു. സമീപത്ത് പാർക്ക് ചെയ്തിരുന്ന നിരവധി ഇരുചക്ര വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. മറ്റൊരു സംഭവത്തിൽ കൊട്ടാര ചൗക്കിയിലെ നിരവധി കടകളിൽ മഴവെള്ളം കയറി.
സർക്യൂട്ട് ഹൗസ്-ബെജായ്ക്ക് സമീപം രാത്രി വൈകി മണ്ണിടിച്ചിലിൽ അവശിഷ്ടങ്ങൾ റോഡിലേക്ക് ഒഴുകിയെത്തി ഗതാഗതം തടസ്സപ്പെട്ടു. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും പ്രതികരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ഡെപ്യൂട്ടി കമീഷണർ എച്ച്.വി. ദർശൻ ബുധനാഴ്ച രാത്രി മഴക്കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

