ഷിരൂർ ഉത്തര കന്നട ജില്ലയിൽ മണ്ണിടിഞ്ഞ് ഗ്രാമം ഒറ്റപ്പെട്ടു
text_fieldsമണ്ണിടിച്ചിലുണ്ടായ സ്ഥലം കെ.പി.സി.എൽ അധികൃതർ സന്ദർശിക്കുന്നു
മംഗളൂരു: ഷിരൂർ ഉത്തര കന്നട ജില്ലയിൽ മറ്റൊരു മണ്ണിടിച്ചിൽ കെടുതി. കൊടസള്ളിക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. എല്ലാ റോഡുകളും വാർത്തവിനിമയ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന് സുലിഗേരി ഗ്രാമത്തിലെ 35 കുടുംബങ്ങൾ മൂന്നാഴ്ചയിലേറെയായി വൈദ്യുതി, ഇന്ധനം, അടിസ്ഥാന സേവനങ്ങൾ എന്നിവയില്ലാതെ കുടുങ്ങിക്കിടക്കുന്നു.
ഗുരുതരമായ സാഹചര്യം നിലനിൽക്കുന്ന പ്രദേശത്ത് 10 ദിവസമായി ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഇത് ഗ്രാമവാസികളുടെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു.
കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മൂന്ന് വൈദ്യുതിത്തൂണുകൾ ഒടിഞ്ഞുവീണു. ഗ്രാമത്തിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇത് ദൈനംദിന ജീവിതത്തെയും അടിസ്ഥാന സേവനങ്ങളിലേക്കുള്ള പ്രവേശനത്തെയും സാരമായി ബാധിച്ചു. ഗ്രാമവാസികൾക്ക് അവശ്യ ഭക്ഷ്യവസ്തുക്കൾ ഉടൻ തീർന്നുപോകുമോ എന്ന ആശങ്കയും വർധിച്ചുവരുകയാണ്.
വെളിച്ചത്തിന്റെയും മണ്ണെണ്ണയുടെയും പൂർണമായ അഭാവംമൂലം കുടുംബങ്ങൾ പകൽ സമയത്തേക്ക് പ്രവർത്തനങ്ങൾ പരിമിതപ്പെടുത്താൻ നിർബന്ധിതരാണെന്ന് താമസക്കാർ പറയുന്നു. “ഞങ്ങൾ വൈകുന്നേരങ്ങളിൽ അത്താഴം കഴിക്കുകയും നേരത്തേ ഉറങ്ങുകയും ചെയ്യുന്നു, പ്രഭാതത്തിന്റെ ആദ്യ വെളിച്ചത്തിനായി കാത്തിരിക്കുന്നു” -ഒരു പ്രദേശവാസി പറഞ്ഞു.
വിദ്യാർഥികളെ ഇത് പ്രത്യേകിച്ച് ബാധിച്ചിട്ടുണ്ട്. ചിലർ വിദ്യാഭ്യാസം തുടരാൻ കദ്ര പോലുള്ള സമീപ പട്ടണങ്ങളിലേക്ക് താമസം മാറി. കുറച്ചുപേർ വീട്ടിലേക്ക് മടങ്ങാൻ കഴിയാത്തതിനാൽ ബന്ധുക്കളുടെ വീടുകളിൽ കഴിയുന്നു. സുളിഗേരി സ്കൂളുകളിൽ നിയമിക്കപ്പെട്ട ചില അധ്യാപകർ വീട്ടിലേക്ക് മടങ്ങാൻ കഴിയാത്തതിനാൽ 10 ദിവസമായി സ്കൂൾ പരിസരത്തുതന്നെ കഴിയുകയാണ്.
മണ്ണിടിച്ചിൽ രണ്ട് റോഡുകളെയും ബാധിച്ചിട്ടുണ്ട് - ഒന്ന് സുലിഗേരിയെ അടുത്തുള്ള ഗ്രാമവുമായി ബന്ധിപ്പിക്കുന്നതും മറ്റൊന്ന് കൊടസള്ളി അണക്കെട്ടിലേക്ക് നയിക്കുന്നതുമാണ്. കർണാടക പവർ കോർപറേഷൻ ലിമിറ്റഡ് (കെ.പി.സി.എൽ) ജീവനക്കാരെ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തിലൂടെ പ്രത്യേക വാഹനങ്ങൾ ഉപയോഗിച്ച് കൊണ്ടുപോകുന്നുണ്ടെങ്കിലും സുലിഗേരി ഗ്രാമീണർക്കായി അത്തരമൊരു ക്രമീകരണം ഏർപ്പെടുത്തിയിട്ടില്ല.
150 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ളതും നിലവിൽ 100 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതുമായ കെ.പി.സി.എല്ലിന്റെ കൊടസള്ളി റിസർവോയറിനെയും ഇത് ബാധിച്ചു. കനത്ത മഴയിൽ ട്രാൻസ്ഫോർമറിന് കേടുപാടുകൾ സംഭവിച്ചതിനാൽ ഡീസൽ ജനറേറ്ററിനെ ആശ്രയിക്കേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

