മംഗളൂരുവിൽ കുന്നിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു
text_fieldsവാമഞ്ചൂരിലെ മണ്ണിടിച്ചിൽ
മംഗളൂരു: നഗര പ്രാന്തപ്രദേശത്ത് വാമഞ്ചൂർ കേതിക്കൽ ഞായറാഴ്ച കുന്ന് ഇടിഞ്ഞുവീണ് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. തടസ്സങ്ങൾ നീക്കിയ ശേഷവും മംഗളൂരു-മൂഡബിദ്ര-കർക്കളയെ ബന്ധിപ്പിക്കുന്ന ഈ പാതയിലൂടെ വാഹനമോടിക്കുന്നവർ ഭയത്തോടെയാണ് സഞ്ചരിക്കുന്നത്. ഓട്ടോറിക്ഷ സഞ്ചരിക്കുമ്പോൾ പെട്ടെന്ന് കുന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. ദുരന്തം തലനാരിഴക്ക് ഒഴിവായി. മഴ ജനജീവിതം സ്തംഭിപ്പിച്ച അവസ്ഥയാണ്. ശനിയാഴ്ച മുതൽ മണ്ണിടിച്ചിലും കോമ്പൗണ്ട് മതിലും തകർന്നതിനാൽ നിരവധി റോഡുകൾ തടസ്സപ്പെട്ടു,
മൂന്ന് ദിവസമായി ഇടതടവില്ലാതെ മഴ പെയ്യുകയാണ്. മംഗളൂരു നഗരത്തിലെ പല ഭാഗങ്ങളിലും വ്യാപക വെള്ളക്കെട്ട് രൂപപ്പെട്ടു. പാണ്ഡേശ്വരിലെ ശിവനഗർ നാലാം ക്രോസ് പ്രദേശത്ത് നിരവധി വീടുകളിലും റോഡുകളിലും മഴവെള്ളം കയറിയതിനാൽ ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച രാവിലെ 8.30നും ഞായറാഴ്ച രാവിലെ 8.30നും ഇടയിൽ ദക്ഷിണ കന്നട ജില്ലയിൽ ആകെ 244.4 മി.മീ മഴ രേഖപ്പെടുത്തി. കങ്കനാടിയിലെ ഫാദർ മുള്ളർ കാമ്പസിലെ മതിൽ ഇടിഞ്ഞുവീണ് അവശിഷ്ടങ്ങൾ സുവർണ ലൈൻ റോഡിലേക്ക് ഒഴുകി ഗതാഗതം തടസ്സപ്പെട്ടു. ഇത് ഗതാഗത തടസ്സത്തിന് കാരണമായി. മതിലിടിച്ചിലിൽ സമീപത്തെ വൈദ്യുതി തൂണും വീണതിനാൽ പ്രദേശത്ത് വൈദ്യുതി വിതരണം നിലച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

