മണ്ണിടിഞ്ഞ് റെയിൽ, റോഡ് ഗതാഗതം സ്തംഭിച്ചു
text_fieldsമംഗളൂരു: മലനാട് മേഖലയിൽ തുടർച്ചയായി പെയ്യുന്ന കനത്തമഴയെത്തുടർന്ന് ഷിരിബാഗിലു, എടകുമേരി, കടഗരവള്ളി, ഡോണിഗൽ, ദേശീയപാത 75ലെ ഷിരാഡി ഘട്ട് എന്നിവിടങ്ങളിൽ വൻതോതിൽ മണ്ണിടിച്ചിലുണ്ടായി. ഇത് റെയിൽ, റോഡ് ഗതാഗതത്തെ സാരമായി ബാധിച്ചു.
സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ ശ്രീവാഗിലു-യെഡകുമേരി, യെഡകുമേരി-കഡഗരവള്ളി, കഡഗരവള്ളി-ഡോണിഗൽ സെക്ഷനുകൾക്കിടയിൽ ഒന്നിലധികം മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ട്രെയിൻ സർവിസുകൾ ഉടൻതന്നെ ദൈർഘ്യമേറിയ ഇതര റൂട്ടുകളിലൂടെ തിരിച്ചുവിട്ടു.
മംഗളൂരു സെൻട്രൽ-വിജയപുര സ്പെഷൽ എക്സ് പ്രസ് (07378) ടോക്കൂർ, കാർവാർ, മഡ്ഗാവ്, ലോണ്ട, ഹുബ്ബള്ളി വഴി തിരിച്ചുവിട്ടു, ബന്തവാല, സുബ്രഹ്മണ്യ റോഡ്, സകലേശ്പുര, ഹാസൻ എന്നിവയുൾപ്പെടെ പ്രധാന സ്റ്റോപ്പുകൾ ഒഴിവാക്കി. മുരുഡേശ്വർ-എസ്.എം.വി.ടി ബംഗളൂരു എക്സ്പ്രസ് (16586), കണ്ണൂർ-കെ.എസ്.ആർ ബംഗളൂരു എക്സ്പ്രസ് (16512), കാർവാർ-കെ.എസ്.ആർ ബംഗളൂരു എക്സ്പ്രസ് (16596) എന്നിവ കാസർകോട്, ഷൊർണൂർ, പാലക്കാട്, സേലം, ജോലാർപേട്ട വഴി തിരിച്ചുവിട്ടു.
പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി സൗത്ത് വെസ്റ്റേൺ റെയിൽവേ അധികൃതർ സകലേശ്പുരയിലേക്ക് ഒരു മെറ്റീരിയൽ ട്രെയിൻ അയച്ചിട്ടുണ്ട്. ജനറൽ മാനേജർ മുകുൾ സരൺ മാത്തൂറും അഡീഷനൽ ജനറൽ മാനേജർ കെ.എസ്. ജെയിനും പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്.
അതേസമയം, ദേശീയപാത 75ൽ ഷിരാദി ചുരം സെക്ഷനിൽ മാറനഹള്ളിക്ക് സമീപമുണ്ടായ വൻ മണ്ണിടിച്ചിൽ കാരണം വാഹന ഗതാഗതം പൂർണമായി നിർത്തിവെച്ചു. മണ്ണും കടപുഴകിയ മരങ്ങളും ദേശീയപാതയിലേക്ക് ഒഴുകിയെത്തി. ഇതു കനത്ത ഗതാഗതക്കുരുക്കിന് കാരണമാവുകയും ആയിരക്കണക്കിന് വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയും ചെയ്തു.
പൊലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും യാത്രക്കാർ ബദൽ വഴികൾ തെരഞ്ഞെടുക്കാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

