ബംഗളൂരുവിലെ രണ്ടാം വിമാനത്താവളം; സ്ഥലമെടുപ്പ് നടപടി തുടങ്ങി
text_fieldsമന്ത്രി എം.ബി. പാട്ടീൽ
ബംഗളൂരു: തലസ്ഥാനത്തെ നിർദിഷ്ട രണ്ടാം അന്താരാഷ്ട്ര വിമാനത്താവളത്തിനായി സ്ഥലമെടുപ്പ് നടപടി ആരംഭിച്ചു. സമഗ്ര സാങ്കേതിക, സാമ്പത്തിക, സാധ്യത റിപ്പോർട്ട് തയാറാക്കുന്നതിനായി വിദഗ്ധ കൺസൾട്ടൻസി സ്ഥാപനത്തെ തെരഞ്ഞെടുക്കുന്നതിന് കർണാടക സംസ്ഥാന വ്യവസായ, അടിസ്ഥാന സൗകര്യ വികസന കോർപറേഷൻ ടെൻഡർ ക്ഷണിച്ചു.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 12 ആണെന്ന് മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു. കനകപുര റോഡിലെ ചൂഡഹള്ളി, സോമനഹള്ളി എന്നിവിടങ്ങളിലും നെലമംഗലക്കടുത്ത മറ്റൊരു സ്ഥലവും കണ്ടെത്തിയതായി മന്ത്രിയുടെ ഓഫിസ് പ്രസ്താവനയിൽ അറിയിച്ചു. കേന്ദ്ര വിമാനത്താവള അതോറിറ്റി ഉന്നതതല സംഘം പരിശോധിച്ച് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ടെൻഡർ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കുന്ന കൺസൾട്ടൻസി അഞ്ച് മാസത്തിനുള്ളിൽ സർക്കാറിന് ഡി.പി.ആർ സമർപ്പിക്കും.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, പ്രതിവർഷം കുറഞ്ഞത് 250 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുകയും ബന്ധപ്പെട്ട മേഖലയിലെ അഞ്ച് പദ്ധതികളെങ്കിലും കൈകാര്യം ചെയ്യുകയോ കൺസൾട്ടൻസി റിപ്പോർട്ടുകൾ തയാറാക്കുകയോ ചെയ്ത സ്ഥാപനങ്ങളെയാണ് ടെൻഡറിന് പരിഗണിക്കുക. മഴയുടെ രീതി, ഭൂപ്രകൃതി, വൈദ്യുതി ലഭ്യത, ജലവിതരണം, മലിനജല-മാലിന്യ സംസ്കരണം, ചുറ്റുമുള്ള ജനസംഖ്യ, പ്രാദേശിക വികസനം, ശബ്ദമലിനീകരണം എന്നിവ പരിഗണിച്ചാണ് ഡി.പി.ആർ തയാറാക്കേണ്ടത്.
നിർദിഷ്ട വിമാനത്താവളം വികസിപ്പിക്കുന്നതിന് കണക്കാക്കിയ ചെലവ്, ആവശ്യമായ ഭൂമിയുടെ വിസ്തീർണം, പ്രതിരോധ മന്ത്രാലയം, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനുമതികൾ എന്നിവയുടെ വിശദാംശങ്ങളും സാധ്യത റിപ്പോർട്ടിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മേഖലയിലെ വ്യവസായം, ടൂറിസം, പൊതുഗതാഗതം എന്നിവയിൽ പുതിയ വിമാനത്താവളം ചെലുത്തുന്ന സ്വാധീനവും റിപ്പോർട്ട് വിലയിരുത്തും.
വിമാനത്താവളം നിർമാണത്തിനുശേഷം വികസിപ്പിക്കേണ്ട അടിസ്ഥാന സൗകര്യങ്ങളും നിർദിഷ്ട സ്ഥലങ്ങളിലേക്കുള്ള നിലവിലുള്ള കണക്റ്റിവിറ്റിയും പരിശോധിക്കും. കൂടാതെ കാർഗോ, യാത്രസേവനങ്ങൾ, അവയുടെ സാമ്പത്തിക സാധ്യതയും പഠിക്കും. മൂന്ന് സ്ഥലങ്ങളുടെയും സമഗ്ര വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അനുയോജ്യ സ്ഥലത്തെക്കുറിച്ചുള്ള ശിപാർശ സ്ഥാപനം സമർപ്പിക്കുമെന്ന് മന്ത്രി വിശദീകരിച്ചു.
യാത്രക്കാരുടെ സാന്ദ്രതയുടെ കാര്യത്തിൽ ബംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം നിലവിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. 2033 ആകുമ്പോഴേക്കും സംസ്ഥാനത്തിന് മറ്റൊരു വിമാനത്താവളം ആവശ്യമായി വരും. സാധ്യതാ റിപ്പോർട്ട് ലഭിച്ചാൽ സർക്കാർ അടുത്ത നടപടിയെക്കുറിച്ച് തീരുമാനിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

