സർക്കാറിന്റെ 1000 ദിവസം; ഹാവേരിയിൽ ലക്ഷം പേർക്ക് പട്ടയ വിതരണവും കൺവെൻഷനും
text_fieldsബംഗളൂരു: സംസ്ഥാന സർക്കാർ 1000 ദിവസം പൂർത്തിയാക്കിയത് സുപ്രധാന നാഴികക്കല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹാവേരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഗ്ദാനം പാലിച്ച സർക്കാർ ക്ഷേമ പദ്ധതികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. ദലിതർ, സ്ത്രീകൾ, പിന്നാക്ക വിഭാഗങ്ങൾ, കർഷകർ എന്നിവരുൾപ്പെടെ അരികുവത്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിലും ശാക്തീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിപാടികൾ തുടരും. സർക്കാറിന്റെ 1,000 ദിനങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായുള്ള കൺവെൻഷനിൽ ലക്ഷത്തോളം കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യും.
ബേദ്തി-വരദ നദി ബന്ധിപ്പിക്കൽ പദ്ധതിയുടെ ഡി.പി.ആർ കേന്ദ്ര അംഗീകാരത്തിനായി അയച്ചിട്ടുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു. പടിഞ്ഞാറോട്ട് ഒഴുകുന്ന ബേദ്തി നദീതടത്തിൽ നിന്ന് വരൾച്ച സാധ്യതയുള്ള കിഴക്കൻ ജില്ലകളായ ഗഡാഗ്, കൊപ്പൽ, റായ്ച്ചൂർ എന്നിവിടങ്ങളിലേക്ക് 18 ടി.എം.സി അധിക ജലം തിരിച്ചുവിടുന്നതാണ് പദ്ധതി. തുംഗഭദ്ര പ്രോജക്ടിന് കീഴിൽ വരദ നദിയുമായി ബന്ധിപ്പിക്കുന്ന തുരങ്കങ്ങളും കനാലുകളും വഴിയാകും വെള്ളം തിരിച്ചുവിടുന്നത്.
ഈ മാസം അവസാനമോ അടുത്ത മാസമോ സാമൂഹിക, വിദ്യാഭ്യാസ സർവേ റിപ്പോർട്ട് സമർപ്പിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. നേതൃമാറ്റം സംബന്ധിച്ച ചോദ്യത്തിന് ഹൈകമാൻഡ് പറയുന്നത് അനുസരിക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

