ഭൂമി ‘ഓട്ടോ കൺവേർഷൻ’ പദ്ധതി ഒരു മാസത്തിനകം -റവന്യൂ മന്ത്രി
text_fieldsറവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ
ബംഗളൂരു: വാണിജ്യ ആവശ്യങ്ങൾക്കായി ഭൂമി ‘ഓട്ടോ കൺവേർഷൻ’ ചെയ്യാൻ അനുവദിക്കുന്ന പദ്ധതി ഒരു മാസത്തിനുള്ളിൽ നടപ്പാക്കുമെന്ന് റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ നിയമസഭയെ അറിയിച്ചു. കോൺഗ്രസ് എം.എൽ.സി രാമോജി ഗൗഡയുടെ ചോദ്യത്തിന് മറുപടിയായി സെപ്റ്റംബറിൽ കരട് വിജ്ഞാപനം നൽകിയതായും പദ്ധതിയുടെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിൽ കാലതാമസം നേരിട്ടതായും ഗൗഡ സമ്മതിച്ചു. ഭൂമിമാറ്റത്തിനുള്ള പ്രക്രിയ എളുപ്പമാക്കുന്നതിന് സര്‍ക്കാര്‍ നിരവധി ഭേദഗതികൾ കൊണ്ടുവന്നിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ ഓട്ടോ കൺവേർഷൻ സ്കീമിനുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും.
മാസ്റ്റർ പ്ലാനിൽ പരാമര്‍ശിച്ച കാര്യത്തിനായി സ്വത്ത് ഉപയോഗിക്കാന്‍ ഭൂവുടമകൾക്ക് പ്ലാനിങ് അതോറിറ്റിയെ നേരിട്ട് സമീപിക്കാൻ പദ്ധതി മുഖേന സാധിക്കും. തദ്ദേശ ആസൂത്രണ അതോറിറ്റി മുഖേന ഭൂമി മാറ്റം ചെയ്യാന്‍ മൂന്നോ നാലോ മാസം എടുക്കും. എന്നാല്‍, ഓട്ടോ കൺവേർഷൻ മുഖേന 30 ദിവസം കൊണ്ട് ഭൂമി മാറ്റം സാധ്യമാണ്. അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ബന്ധപ്പെട്ട ഡെപ്യൂട്ടി കമീഷണർ 15 ദിവസത്തിനുള്ളിൽ പരിശോധിക്കണം. ശേഷം 15 ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കണം.
അപേക്ഷ സമർപ്പിച്ച ശേഷം 30ാം ദിവസം അംഗീകാര സർട്ടിഫിക്കറ്റ് ഓൺലൈനായി അപ്ലോഡ് ചെയ്യണം. പുനരുപയോഗമുള്ള ഊർജ പദ്ധതികൾക്കായി ഭൂവുടമകൾ ഭൂമി ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് മാറ്റേണ്ട ആവശ്യമില്ല. ഊർജ വകുപ്പിന്റെ അനുമതി നേടിയാല്‍ മതി. ചെറുകിട വ്യവസായങ്ങൾക്ക് ഭൂമിമാറ്റത്തിന്റെ ആവശ്യമില്ല. പകരം നേരിട്ട് അംഗീകാരം തേടാം. പദ്ധതി ഇടനിലക്കാരെ ഒഴിവാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

